
'മംദാനി, അഫ്താബ് പുരേവൽ, ഗസാല ഹാശ്മി'; ട്രംപിന് വൻ തിരിച്ചടി നൽകി ഇന്ത്യൻ വംശജരായ മൂന്ന് മുസ്‌ലിംകളുടെ വിജയം
|ട്രംപ് നേരിട്ട് മത്സരരംഗത്തില്ലെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കെതിരെ വലിയ പ്രചാരണമാണ് അദ്ദേഹം നടത്തിയത്
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് പദവിയിലെ രണ്ടാമൂഴത്തിൽ ഡോണൾഡ് ട്രംപിന് വലിയ തിരിച്ചടിയായി ഇന്ത്യൻ വംശജരായ മൂന്ന് മുസ്‌ലിംകളുടെ തെരഞ്ഞെടുപ്പ് വിജയം. സൊഹ്‌റാൻ മംദാനി, അഫ്താബ് പുരേവൽ, ഗസാല ഹാശ്മി എന്നിവരാണ് ട്രംപിന്റെ ഉറക്കം കെടുത്തുന്ന വിജയം നേടിയത്. 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' എന്ന പേരിൽ ട്രംപ് നടത്തുന്ന കുടിയേറ്റ വിരുദ്ധതക്കും വിദ്വേഷ പ്രചാരണത്തിനും യുഎസ് ജനത നൽകിയ തിരിച്ചടിയാണ് ഇവരുടെ വിജയം.
ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി ഇന്ത്യൻ വംശജയായ സിനിമ സംവിധായിക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹ്മൂദ് മംദാനിയുടെയും മകനാണ്. പഞ്ചാബിയായ അച്ഛന്റെയും തിബറ്റൻ അഭയാർഥിയായ അമ്മയുടെയും മകനായി ഒഹിയോയിലാണ് പുരേവൽ ജനിച്ചത്. മംദാനിയുടെ പിതാവ് മഹ്മൂദ് മംദാനി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ആന്ത്രപ്പോളജി പ്രൊഫസറാണ്.
ട്രംപ് നേരിട്ട് മത്സരരംഗത്തില്ലെങ്കിലും ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്കെതിരെ വലിയ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്‌റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെയാണ് ട്രംപ് പിന്തുണച്ചത്. മംദാനി വിജയിച്ചാൽ അത് ന്യൂയോർക്കിന് വലിയ വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിർത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
വിർജീനിയയിൽ 61 കാരിയായ ഗസാല ഹാശ്മി ലഫ്റ്റനന്റ് ഗവർണർ ആയാണ് വിജയിച്ചത്. റിച്ച്മണ്ട് ബ്രോഡ്കാസ്റ്ററായ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോൺ റീഡിനെയാണ് ഗസാല പരാജയപ്പെടുത്തിയത്. കോമൺവെൽത്തിൽ ലഫ്റ്റനന്റ് ഗവർണർ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയും മുസ്‌ലിമും ആണ് ഗസാല.
അഫ്താബ് പുരേവൽ രണ്ടാം തവണയാണ് സിൻസിനാറ്റി മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കോറി ബോമാനെയാണ് പുരേവൽ പരാജയപ്പെടുത്തിയത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ അർധ സഹോദരനാണ് ബോമാൻ.
ട്രംപിന്റെ നിലപാടുകളെ യുഎസ് ജനത അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം എന്നാണ് വിലയിരുത്തപ്പെടുന്നത്. വിർജീനിയ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പകുതിയിലധികം വോട്ടർമാരും തങ്ങളുടെ വോട്ട് ട്രംപിന് ഒരു സന്ദേശം നൽകുന്ന രീതിയിലാണ് വിനിയോഗിച്ചതെന്ന് സിഎൻഎൻ ഒരു റിപ്പോർട്ടിൽ പറഞ്ഞു. ട്രംപിന്റെ താരിഫ്, കുടിയേറ്റ നയങ്ങളെ വോട്ടർമാർ അംഗീകരിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
സോഹ്‌റാൻ മംമാദാനി
ഇന്ത്യൻ വേരുകളുള്ള മാതാപിതാക്കളുടെ മകനായി യുഗാണ്ടയിലെ കംപാലയിലാണ് മംദാനി ജനിച്ചത്. കോളജ് വിദ്യാഭ്യാസത്തിന് ശേഷം 2018ലാണ് അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചത്. മാതാപിതാക്കൾക്കൊപ്പം സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിലാണ് മംദാനി തന്റെ ബാല്യകാലം ചെലവഴിച്ചത്. ഏഴാം വയസിലാണ് അദ്ദേഹം ന്യൂയോർക്കിലെത്തിയത്.

34 കാരനായ മംദാനി സ്വയം പ്രഖ്യാപിത ഡെമോക്രാറ്റിക് സോഷ്യലിസ്റ്റും സ്‌റ്റേറ്റ് അസംബ്ലി അംഗവുമാണ്. ജൂണിൽ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ആൻഡ്രൂ ക്യൂമോയെ മംദാനി പരാജയപ്പെടുത്തിയിരുന്നു. 2026 ജനുവരി ഒന്നിന് മംദാനി ന്യൂയോർക്ക് മേയറായി ചുമതലയേൽക്കും.
ഗസാല ഹാശ്മി
വിർജീനിയയുടെ ആദ്യ ഇന്തോ- അമേരിക്കൻ മുസ്‌ലിം ലഫ്റ്റനന്റ് ഗവർണറാണ് ഗസാല ഹാശ്മി. നിലവിൽ സൗത്ത് റിച്ച്‌മോണ്ട് ജില്ലയെ പ്രതിനിധീകരിക്കുന്ന സ്റ്റേറ്റ് സെനറ്ററാണ്. 2019ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സിറ്റിങ് സീറ്റിൽ അട്ടിമറി വിജയം നേടിയാണ് ഗസാല വിർജീനിയ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയായി ഉയരുന്നത്.

1964ൽ ഹൈദരാബാദിൽ ജനിച്ച ഗസാല ഹാശ്മിയുടെ പൂർവീക വേരുകൾ പാകിസ്താനിലെ കറാച്ചിയിലാണ്. നാലാം വയസിലാണ് ഗസാല ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയത്. ജോർജിയയിലെ ഒരു ചെറിയ പട്ടണത്തിലാണ് അവർ വളർന്നത്. ജോർജിയ സൗത്തേൺ യുണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎ ഇംഗ്ലീഷ് ബിരുദം നേടിയ ഗസാല ഇമോറി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
രണ്ടാം തവണയും സിൻസിനാറ്റി മേയറായി അഫ്താബ് പുരേവൽ
2021ലാണ് ഇന്ത്യൻ വംശജനായ അഫ്താബ് പുരേവൽ ആദ്യമായി സിൻസിനാറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നഗരത്തിന്റെ മേയർ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ- അമേരിക്കൻ വംശജൻ എന്ന ചരിത്രം സൃഷ്ടിച്ചായിരുന്നു 43 കാരന്റെ വിജയം. കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായി ഒഹിയോയിലാണ് പുരേവൽ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് പഞ്ചാബിയാണ്. സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ പുരേവൽ ശക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായിരുന്നു. 'ബിഗ്, ബ്രൗൺ ആൻഡ് ബ്യൂട്ടിഫുൾ' എന്ന പ്രമേയം ഉയർത്തിയാണ് എട്ടാം ക്ലാസ് തിരഞ്ഞെടുപ്പിൽ പുരേവൽ വിജയിച്ചത്.

സിൻസിനാറ്റി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലോയിൽ നിന്ന് ബിരുദം നേടിയ ശേഷം, പുരേവൽ 2008-ൽ വാഷിങ്ടൺ ഡിസിയിലേക്ക് താമസം മാറി, അവിടെ ഒരു നിയമ സ്ഥാപനത്തിൽ ജോലി ചെയ്തു. നാല് വർഷത്തിന് ശേഷം, അദ്ദേഹം ഒഹിയോയിലെ ഹാമിൽട്ടൺ കൗണ്ടിയിലേക്ക് മടങ്ങി, നീതിന്യായ വകുപ്പിൽ സ്‌പെഷ്യൽ അസിസ്റ്റന്റ് യുഎസ് അറ്റോർണിയായി സേവനമനുഷ്ഠിച്ചു. ജനപ്രിയ സ്‌കിൻകെയർ ബ്രാൻഡ് ആയ ഒലെയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി പ്രവർത്തിക്കുമ്പോഴാണ് 2016ൽ ജോലി അവസാനിപ്പിച്ച് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.