
ഫലസ്തീൻ തടവുകാരെ ഇസ്രായേൽ സൈന്യം പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചോർന്നതിൽ അന്വേഷണം: രാജിവച്ച് സൈനിക അഡ്വക്കേറ്റ് ജനറൽ
|എസ്ഡി ടീമാൻ തടങ്കൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചോർന്നത്.
ജെറുസലേം: ഗസ്സ വംശഹത്യക്കിടെ പിടികൂടിയ പലസ്തീൻ തടവുകാരെ സയണിസ്റ്റ് സൈനികർ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിന്റെ ചീഫ് ലീഗൽ ഓഫീസർ രാജിവച്ചു. സംഭവത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറൽ മേജർ ജനറൽ യിഫാത് ടോമർ- യെരുഷാൽമി രാജിവച്ചത്.
2024 ആഗസ്റ്റിലായിരുന്നു വീഡിയോ ചോർന്നത്. ഈ വീഡിയോ ഇസ്രായേലി ചാനൽ-12 സംപ്രേഷണം ചെയ്തിരുന്നു. ഫലസ്തീൻ തടവുകാരെ സൈനികർ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ ചോർന്നതിന്റെ ഉത്തരവാദി താനാണെന്ന് വ്യക്തമാക്കിയാണ് ഇസ്രായേലി സൈന്യത്തിലെ ഉന്നത അഭിഭാഷക ഉദ്യോഗസ്ഥ രാജിവച്ചത്.
എസ്ഡി ടീമാൻ തടങ്കൽ കേന്ദ്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചോർന്നത്. പീഡനത്തിൽ അന്വേഷണത്തിന് പിന്നാലെ അഞ്ച് റിസർവ് സൈനികർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിനെ അപലപിച്ച് വലതുപക്ഷ രാഷ്ട്രീയക്കാർ രംഗത്തെത്തിയിരുന്നു.
തടവുകാരെ ദുരുപയോഗം ചെയ്യുന്ന വീഡിയോയും റിപ്പോർട്ടുകളും കെട്ടിച്ചമച്ചതാണെന്നായിരുന്നു ഇവരുടെ അവകാശവാദം. തടങ്കൽ കേന്ദ്രത്തിലെ വീഡിയോ എങ്ങനെ ചോർന്നു എന്നതിനെക്കുറിച്ച് ഈ ആഴ്ച ആദ്യം പൊലീസ് ക്രിമിനൽ അന്വേഷണം ആരംഭിച്ചതുമുതൽ സൈനിക അഡ്വക്കേറ്റ് ജനറലായ മേജർ ജനറൽ യിഫാത് ടോമർ- യെരുഷാൽമി അവധിയിലായിരുന്നു.
രാജി തീരുമാനത്തെ സ്വാഗതം ചെയ്ത പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്, ഇസ്രായേൽ സൈനികർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്ന ആർക്കും സൈനിക യൂണിഫോം ധരിക്കാൻ അർഹതയില്ലെന്ന് പറഞ്ഞു. വീഡിയോ ചോർച്ചയെക്കുറിച്ച് ക്രിമിനൽ അന്വേഷണം നടക്കുന്നുണ്ടെന്നും ടോമർ-യെരുഷാൽമി നിർബന്ധിത അവധിയിലാണെന്നും കാറ്റ്സ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പൊലീസ് മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും രാജിയെ സ്വാഗതം ചെയ്തു. കൂടുതൽ നിയമാധികാരികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ബെൻ-ഗ്വിർ ആവശ്യപ്പെട്ടു. യുദ്ധകാലത്ത് ഇസ്രായേൽ തടങ്കലിൽ ഫലസ്തീനികൾ ഗുരുതരമായി പീഡിപ്പിക്കപ്പെട്ടതായി വിവിധ അവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇസ്രായേൽ മോചിപ്പിച്ച ഫലസ്തീൻ തടവുകാരുടെ ശരീരത്തിൽ സൈന്യത്തിന്റെ കൊടുംക്രൂരതയുടെ തെളിവുകളും കാണാമായിരുന്നു.