< Back
World
മംദാനിയുടെ ആവശ്യം അംഗീകരിച്ച് ട്രംപ്;  കസ്റ്റഡിയിലെടുത്ത വിദ്യാർഥിനിയെ വിട്ടയച്ചു
World

മംദാനിയുടെ ആവശ്യം അംഗീകരിച്ച് ട്രംപ്; കസ്റ്റഡിയിലെടുത്ത വിദ്യാർഥിനിയെ വിട്ടയച്ചു

റിഷാദ് അലി
|
27 Feb 2026 10:36 AM IST

ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ വിദ്യാര്‍ഥിനിയുടെ അറസ്റ്റിലുള്ള ആശങ്ക അറിയിച്ചിരുന്നുവെന്ന് മംദാനി

വാഷിങ്ടണ്‍: എമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കൊളംബിയ സർവകലാശാല വിദ്യാർഥിനിയെ മോചിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി സംസാരിച്ചതിന് പിന്നാലെയാണ് എൽമിന അഘയേവയെന്ന വിദ്യാര്‍ഥിനിയെ വിട്ടയച്ചത്. സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള താമസസ്ഥലത്ത് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കയറിയതിനെതിരെ ക്യാമ്പസില്‍ പ്രതിഷേധം ശക്തമായിരുന്നു.

'ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ഈ അറസ്റ്റിലുള്ള ആശങ്ക അറിയിച്ചിരുന്നു. ഇപ്പോള്‍ ട്രംപുമായി ഫോണിലും സംസാരിച്ചേയുള്ളൂ, അവർ ഉടൻ തന്നെ മോചിതയാകുമെന്ന് അദ്ദേഹം എന്നെ അറിയിച്ചിട്ടുണ്ട്'- മംദാനി എക്സില്‍ കുറിച്ചു. താന്‍ സുരക്ഷിതയാണെന്ന് എൽമിനയും പ്രതികരിച്ചു. എന്നാല്‍ ട്രംപിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല. അതേസമയം മംദാനി മുന്നോട്ടുവെച്ച ആവശ്യം ട്രംപ് അംഗീകരിച്ചത് ഏവറെയും അമ്പരപ്പിച്ചു. പലരും സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം രേപ്പെടുത്തുകയും ചെയ്തു. മംദാനിയെ നാടുകടത്തുമെന്ന് പറഞ്ഞ ട്രംപാണ് അദ്ദേഹം പറഞ്ഞൊരു ആവശ്യം അംഗീകരിക്കുന്നത് ചിലര്‍ കുറിച്ചു.

ഹൗസിങ് പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് ട്രംപിനെ മംദാനി കണ്ടത്. ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന നിലവിലെയും മുൻപത്തെയും നിരവധി വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കണമെന്നും ഈ കൂടിക്കാഴ്ചയില്‍ മംദാനി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.

അസർബൈജാനിൽ നിന്നുള്ള ന്യൂറോ സയൻസും പൊളിറ്റിക്സ് വിദ്യാര്‍ഥിനിയാണ് എൽമിന അഘയേവ. കോളേജ് വിദ്യാര്‍ഥിനിയായ കുടിയേറ്റക്കാരി എന്ന നിലയിലുള്ള തന്റെ ദിനചര്യകളും ഉപദേശങ്ങളും പങ്കുവെക്കുന്ന ഒരു കണ്ടന്റ് ക്രിയേറ്റര്‍കൂടിയാണ് എൽമിന. ഇൻസ്റ്റാഗ്രാമിൽ 1.1 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇന്നലെ(വ്യാഴാഴ്ച) രാവിലെ ആറ് മണിക്കാണ് അപാര്‍ട്മെന്റില്‍ കയറി വിദ്യാര്‍ഥിനിയെ ഫെഡറല്‍ ഏജന്റുമാര്‍ കസ്റ്റഡിയിലെടുക്കുന്നത്. കാണതായ ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ അവിടെ എത്തിയത്. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

Similar Posts