
ഇറാനെതിരായ ആക്രമണം: യുഎസ് കോൺഗ്രസിൽ വിശദാംശങ്ങൾ പങ്കുവെക്കുന്നത് നീട്ടി ട്രംപ് ഭരണകൂടം
|ഫൊർദോ ആണവ നിലയത്തിലെ യുഎസ് ആക്രമണത്തിൽ കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ ദുരൂഹ നടപടി
വാഷിങ്ടണ്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ യുഎസ് കോണ്‍ഗ്രസില്‍ വിശദീകരിക്കുന്നത് മാറ്റിവെച്ച് ട്രംപ് ഭരണകൂടം.
ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് ആക്രമണങ്ങളുടെ നിയമസാധുത അംഗങ്ങള്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ട്രംപ് ഭരണകൂടം 'ബ്രീഫിങ്' നീട്ടിവെക്കുന്നത്. ഫൊർദോ ആണവ നിലയത്തിലെ യുഎസ് ആക്രമണത്തിൽ കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന ഇന്റലിജന്‍സ് റിപ്പോർട്ട് പുറത്തുവന്നതിനിടെയാണ് ട്രംപ് ഭരണകൂടത്തിന്റെ ദുരൂഹ നടപടി. അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ട്രംപ് തള്ളിയിട്ടുണ്ട്.
എന്നത്തേക്കാണ് മാറ്റിവെച്ചതെന്ന് വ്യക്തമല്ലെങ്കിലും നാളെയോ വെള്ളിയാഴ്ചയോ ഇതുസംബന്ധിച്ച് വിശദീകരണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ വ്യാഴാഴ്ചത്തേക്ക് മാറ്റിയതായാണ് അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചതായി സ്പീക്കർ മൈക്ക് ജോൺസണെ ഉദ്ധരിച്ചും വാര്‍ത്തകളുണ്ട്.
അതേസമയം വൈകുന്നതിനെതിരെ ഡെമോക്രാറ്റുകൾ രംഗത്ത് എത്തി. ട്രംപ് ഭരണകൂടത്തിന്റെ നടപടി അതിശയകരമാണെന്ന് സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ പറഞ്ഞു. ''എന്താണ് സംഭവിക്കുന്നതെന്ന് കോൺഗ്രസിനെ കൃത്യമായി അറിയിക്കേണ്ട നിയമപരമായ ബാധ്യത ഭരണകൂടത്തിനുണ്ട്. അവർ എന്തിനെയാണ് ഭയപ്പെടുന്നത്? നിർണായകമായ കാര്യങ്ങള്‍ എന്തുകൊണ്ടാണ് അവർ കോൺഗ്രസിനെ അറിയിക്കാത്തത്''- അദ്ദേഹം ചോദിച്ചു.
''ഞങ്ങള്‍ക്ക് തെളിവുകൾ വേണം, വിശദാംശങ്ങൾ അറിയണം, ഇപ്പോൾ തന്നെ അവയൊക്കെ അറിക്കണം''- ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് കോക്കസിന്റെ അധ്യക്ഷൻ പീറ്റ് അഗ്വിലാർ പറഞ്ഞു.