< Back
World
വിദേശ വിദ്യാര്‍ഥികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം
World

വിദേശ വിദ്യാര്‍ഥികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും വിസാ കാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം

Web Desk
|
29 Aug 2025 1:33 PM IST

നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു

വാഷിങ്ടൺ: വിദേശ വിദ്യാര്‍ഥികളുടെ വിസാ കാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികൾക്ക് പുറമേ എക്‌സ്‌ചേഞ്ച് വിസിറ്റര്‍മാര്‍, വിദേശ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടേയും വിസാ കാലയളവ് പരിമിതപ്പെടുത്തും. നിയമം പ്രാബല്യത്തില്‍വന്നാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു.

പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നാലുവര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും.

എഫ്, ജെ വിസ ഉടമകള്‍ക്ക് അവരുടെ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ച് പരമാവധി നാല് വര്‍ഷംവരെ താമസിക്കാന്‍ അനുവദിക്കും. ബിരുദതല എഫ് 1 വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിനിടയില്‍ പ്രോഗ്രാം മാറ്റുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. പഠനം പൂര്‍ത്തിയാക്കിയ ശേഷം എഫ് 1 വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് പിരീഡ് 60 ദിവസത്തില്‍നിന്ന് 30 ദിവസമായി കുറയ്ക്കും.

വിദേശത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന 'ഐ' വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവര്‍ക്ക് യുഎസില്‍നിന്നുകൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് നീക്കം.

Similar Posts