< Back
World
Trump announces 25% tariffs on countries doing business with Iran
World

ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തി അമേരിക്ക

ഷിയാസ് ബിന്‍ ഫരീദ്
|
13 Jan 2026 8:12 AM IST

ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളാണ് ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ. ഇവരെയെല്ലാം ട്രംപിന്റെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും.

വാഷിങ്ടൺ: ജനകീയ പ്ര​ക്ഷോഭം തുടരുന്നതിനിടെ ഇറാന് നേരെ സൈനിക നടപടികളുണ്ടാകുമെന്ന ഭീഷണിക്ക് പിന്നാലെ പുതിയ നീക്കവുമായി അമേരിക്ക. ഇറാനുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തി.

'ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങൾ യുഎസുമായുള്ള ഏതൊരു വ്യാപാരത്തിനും 25 ശതമാനം തീരുവ അടയ്ക്കണം. ഈ ഉത്തരവ് അന്തിമവും അനിഷേധ്യവുമാണ്. ഉടൻ പ്രാബല്യത്തിൽ വരികയും ചെയ്യും'- ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.

ട്രേഡിങ് ഇക്കണോമിക്സ് സാമ്പത്തിക ഡാറ്റാബേസിന്റെ കണക്കനുസരിച്ച് ഇന്ത്യ, ചൈന, തുർക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ് ഇറാന്റെ പ്രധാന വ്യാപാര പങ്കാളികൾ. ഇവരെയെല്ലാം ട്രംപിന്റെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും. ഇറാന് നേരെ ആക്രമണ ഭീഷണിയും മുന്നറിയിപ്പും ആവർത്തിച്ച് യുഎസ് രം​ഗത്തെത്തിയിരുന്നു.

ഇറാൻ ഭരണകൂടത്തിനെതിരെ ശക്തമായ സൈനിക നടപടി പരിഗണനയിലാണെന്നാണ് ​ട്രംപിന്റെ ഭീഷണി. ഇറാൻ ചർച്ചകൾക്ക് ആവശ്യപ്പെട്ടെങ്കിലും ചില നടപടികൾ വേണ്ടി വരുമെന്നും ട്രംപ്​ ചൂണ്ടിക്കാട്ടി. ഇറാനെതിരെ പരി​ഗണനയിലുള്ള വിവിധ നീക്കങ്ങളിൽ ഒന്ന് വ്യോമാക്രമണമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റും പറഞ്ഞു. ഭീഷണിക്കെതിരെ ഇറാൻ തിരിച്ചടിച്ചു.

യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അടി​ച്ചേൽപ്പിച്ചാൽ ഏതറ്റം വരെയും തിരിച്ചടിക്കുമെന്ന്​ ഇറാൻ വ്യക്തമാക്കി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കു പിന്നിൽ അമേരിക്കയും പുറംശക്തികളുമാണെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞു. സമാധാനപരമായ പ്രതിഷേധങ്ങളെ രക്തരൂക്ഷിതമാക്കി മാറ്റിയതിനു പിന്നിൽ ഈ ശക്തികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കയുമായി ചർച്ചകൾക്ക് ചാനലുകൾ തുറന്നെങ്കിലും അവ പരസ്പര താത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ വേണമെന്ന്​ ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു. ഏതു സാഹചര്യവും നേരിടാൻ സജ്ജമായിരിക്കണമെന്ന്​ വിവിധ സൈനിക വിഭാഗങ്ങൾക്ക്​ ഇറാൻ ഭരണകൂടം നിർദേശം നൽകി.

അതേസമയം, ഇറാനിലെ പ്രക്ഷോഭത്തിനെതിരായ നടപടിയിൽ 648 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. പ്രക്ഷോഭകർക്ക്​ നേരെയുള്ള അതിക്രമം ഒഴിവാക്കണമെന്ന്​ വിവിധ യൂറോപ്യൻ രാജ്യങ്ങൾ ഇറാന്​ താക്കീത്​ നൽകി. സംഘർഷ സാഹചര്യം മുൻനിർത്തി തെഹ്​റാൻ ഫ്രഞ്ച്​ എംബസിയിൽ നിന്നുള്ള ഭൂരിഭാഗം പ്രതിനിധികളും ഇറാൻ വിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്തു.

Similar Posts