
നെതന്യാഹുവിനെതിരെയുള്ള അഴിമതി വിചാരണ; ഉപേക്ഷിച്ച് മാപ്പ് നൽകണമെന്ന് ട്രംപ്
|ഇറാനുമായി സംഘർഷം അവസാനിച്ചതിന് പിന്നാലെ നെതന്യാഹുവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നും ട്രംപ് പറഞ്ഞു
വാഷിംഗ്‌ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതി വിചാരണ റദാക്കുകയോ മാപ്പ് നൽകുകയോ ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കേസ് ഒരു വേട്ടയാണെന്നും ട്രംപ് വിശേഷിപ്പിച്ചു. 'നെതന്യാഹുവിന്റെ വിചാരണ ഉടനടി റദ്ദാക്കണം. അല്ലെങ്കിൽ മഹാനായ നായകന് മാപ്പ് നൽകണം.' ട്രംപ് ബുധനാഴ്ച തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇറാനുമായി സംഘർഷം അവസാനിച്ചതിന് പിന്നാലെ നെതന്യാഹുവിനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയി എന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിന്റെ 'യുദ്ധകാലത്തെ മഹത്തായ പ്രധാനമന്ത്രി' എന്നാണ് നെതന്യാഹുവിനെ ട്രംപ് വിശേഷിപ്പിച്ചത്. 'അവരുടെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്ന് അനുഭവിച്ച ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരെ പരിഹാസ്യമായ പ്രചാരണം തുടരുന്നുവെന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി.' ട്രംപ് എഴുതി.
കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി 2020 മുതൽ നെതന്യാഹുവിന്റെ വിചാരണ തുടരുകയാണ്. ഗസ്സയിലെ യുദ്ധത്തിന്റെ പേരിലും ലെബനനിലെ സംഘർഷവും കണക്കിലെടുത്ത് അതിനുശേഷം പലതവണ വിചാരണ വൈകിപ്പിക്കപ്പെട്ടു. വിചാരണ വൈകിപ്പിക്കാൻ വേണ്ടി മനപ്പൂർവം നെതന്യാഹു യുദ്ധത്തിലേർപ്പെടുകയാണ് എന്ന വിമർശനം പോലുമുണ്ടായി.
നെതന്യാഹുവും ഭാര്യ സാറയും രാഷ്ട്രീയ ആനുകൂല്യങ്ങൾക്കായി ശതകോടീശ്വരന്മാരിൽ നിന്ന് 260,000 ഡോളറിലധികം വിലവരുന്ന സിഗാർ, ആഭരണങ്ങൾ, ഷാംപെയ്ൻ തുടങ്ങിയ ആഡംബര വസ്തുക്കൾ സ്വീകരിച്ചതായി ആരോപിക്കപ്പെടുന്നതാണ് ആദ്യ കേസ്. ഇസ്രായേലി മാധ്യമങ്ങളിൽ കൂടുതൽ അനുകൂലമായ കവറേജ് ലഭിക്കുന്നതിനായി നെതന്യാഹു ചർച്ച നടത്താൻ ശ്രമിച്ചതായി മറ്റ് രണ്ട് കേസുകൾ കൂടി ആരോപിക്കപ്പെടുന്നു.