< Back
World
ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ്
World

ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ്

റിഷാദ് അലി
|
1 Feb 2026 10:04 AM IST

വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്നും ട്രംപ്

വാഷിങ്ടണ്‍: ഇറാന് പകരം ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

"ഞങ്ങൾ ഇതിനകം ഒരു കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. ഇന്ത്യ ഇതിലേക്ക് വരികയാണ്, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം വെനസ്വേലൻ എണ്ണ വാങ്ങാൻ പോകുന്നു. അതിനാൽ, കരാറിന്റെ അടിസ്ഥാന രൂപരേഖ ഞങ്ങൾ ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു''- വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ഫ്‌ളോറിഡയിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്‌സ് വണ്ണിലിരുന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം ട്രംപിന്റെ പരാമർശങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് പകരമായി വെനസ്വേലൻ എണ്ണ വാങ്ങണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യുഎസിന്റെ നീക്കം. യുഎസ് ഉപരോധങ്ങൾ കാരണം ഇന്ത്യ നിലവിൽ ഇറാനിൽ നിന്ന് കുറഞ്ഞ അളവിൽ മാത്രമാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. അതേസമയം വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്നും ട്രംപ് പറഞ്ഞു.

യുഎസിന് 5.2 ബില്യൺ ഡോളർ വിലമതിക്കുന്ന "50 ദശലക്ഷം ബാരൽ എണ്ണ" വെനസ്വേല വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ആ കരാറിന് താൻ സമ്മതം മൂളിയെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വിപണി നിരക്കിലായിരിക്കും ഈ എണ്ണ വാങ്ങുകയെന്നും ഇതിലൂടെ ലഭിക്കുന്ന വരുമാനം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Similar Posts