< Back
World
ഹോര്‍മൂസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം; മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്
World

'ഹോര്‍മൂസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണില്‍ വിളിച്ച് ട്രംപ്

അൻഫസ് കൊണ്ടോട്ടി
|
24 March 2026 10:06 PM IST

ഫെബ്രുവരി 28-ന് ആരംഭിച്ച പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഇതാദ്യമായാണ് ഇരുവരും ഫോണിൽ സംസാരിക്കുന്നത്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധഭീതി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തെ കുറിച്ചും ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിടക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ചും ഇരുവരും സംസാരിച്ചതായാണ് വിവരം.

ഫെബ്രുവരി 28-ന് യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയുണ്ടായ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ ഫോണില്‍ ബന്ധപ്പെടുന്നത്. ട്രംപ് തന്നെ ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ പുരോഗതി വരുത്തുന്നതിനായി എന്തെല്ലാം ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചുവെന്നും മോദി എക്‌സില്‍ കുറിച്ചു.

'യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തില്‍ പുരോഗതി വരുത്താന്‍ എന്തെല്ലാം ചെയ്യാമെന്നടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചു. സമാധാനത്തിനായി തുടക്കം മുതലേ നിലകൊണ്ട രാജ്യമാണ് ഇന്ത്യ. ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിടക്കേണ്ടത് ലോകത്തിന്റെ തന്നെ ആവശ്യമാണ്. സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ബന്ധം തുടരാമെന്ന് ഞങ്ങള്‍ സമ്മതിച്ചു'. മോദി പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസാരിച്ചെന്ന് യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ പ്രതികരിച്ചു. 'അല്‍പ്പസമയങ്ങള്‍ക്ക് മുന്‍പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു. ഹോര്‍മൂസ് കടലിടുക്ക് തുറന്നുകിടക്കേണ്ടുന്നതിന്റെ അനിവാര്യതയടക്കം പശ്ചിമേഷ്യന്‍ സംഘര്‍ഷസാഹചര്യത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി'. ഗോര്‍ എക്‌സിലൂടെ അറിയിച്ചു.

Similar Posts