
യുഎസ് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്നും പ്രസിഡന്റ് ട്രംപും Photo-AP
ഇറാനെതിരായ സൈനിക നടപടി അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് പെന്റഗൺ മുന്നറിയിപ്പ്?; ഇല്ലാത്ത വാർത്തകളെന്ന് ട്രംപ്
|ഇറാനെ സൈനികമായി നേരിട്ടാൽ അപ്രതീക്ഷിത നഷ്ടങ്ങളും വലിയ തിരിച്ചടിയും ഉണ്ടാകുമെന്ന് പെന്‍റഗണ്‍ അറിയിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടി അമേരിക്കക്ക് തിരിച്ചടിയായേക്കുമെന്ന മുന്നറിയിപ്പ് പെന്‍റഗണ്‍ നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാൽ ഇത്തരം വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.
യുദ്ധമുണ്ടായാല്‍ യുഎസിനും സഖ്യകക്ഷികൾക്കും വലിയ നാശനഷ്ടങ്ങൾക്ക് സാധ്യത കൂടുതലാണെന്ന് അമേരിക്കയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ന്‍, മുന്നറിയിപ്പ് നൽകിയെന്നാണ് വിവിധ യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതൊക്കെ ഇല്ലാത്ത വാര്‍ത്തകളാണെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം അനിവാര്യമാണെന്നും എളുപ്പത്തില്‍ ജയിക്കാനാകുമെന്ന് കെയ്ൻ തന്നെ വിശ്വസിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി പ്രതിരോധിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക്, യുദ്ധസാമഗ്രികളുടെ കുറവും പ്രാദേശിക സഖ്യകക്ഷികളുടെ പിന്തുണയില്ലായ്മയും തടസ്സമാകുമെന്ന് കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കെയ്‌ൻ ട്രംപിനോട് പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്രായേൽ, യുക്രെയ്ൻ തുടങ്ങിയ സഖ്യകക്ഷികളെ സഹായിക്കുന്നതിനായി മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള യുഎസ് വെടിക്കോപ്പ് ശേഖരം വൻതോതിൽ ഉപയോഗിച്ചത് അവയുടെ ലഭ്യത ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സൈനിക നടപടി തീരുമാനിക്കേണ്ടത് താൻ മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആണവ കരാർ ഉണ്ടായില്ലെങ്കിൽ അത് ഇറാനെ സംബന്ധിച്ച് ഏറ്റവും മോശം ദിനം ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകാനും ട്രംപ് മറന്നില്ല. വ്യാഴാഴ്ചയാണ് ജനീവയിൽ ഇറാനും അമേരിക്കയും തമ്മിലെ നിർണായക ചർച്ച. ഒമാൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ആണവ കരാർ സംബന്ധിച്ച് കൃത്യമായ കരട് നിർദേശം ഇറാൻ കൈമാറും. യുറേനിയം സമ്പുഷ്ടീകരണ തോത് കുറക്കാനും അന്താരാഷ്ട്ര ആണവോർജ സമിതിയുടെ പൂർണ നിരീക്ഷണം ഉറപ്പാക്കാനും ഇറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.