World
ഹമാസ് നേതാക്കള്‍ നമ്മെപ്പോലെ നല്ല മനുഷ്യര്‍; ഞങ്ങള്‍ ഇസ്രായേല്‍ ഏജന്റല്ല-ബന്ദിചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ട്രംപിന്റെ ദൂതന്‍
World

'ഹമാസ് നേതാക്കള്‍ നമ്മെപ്പോലെ നല്ല മനുഷ്യര്‍; ഞങ്ങള്‍ ഇസ്രായേല്‍ ഏജന്റല്ല'-ബന്ദിചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ട്രംപിന്റെ ദൂതന്‍

Web Desk
|
10 March 2025 6:00 PM IST

''ഹമാസിനെ ഞങ്ങള്‍ അങ്ങോട്ടു ബന്ധപ്പെടുകയായിരുന്നു. ദോഹയില്‍ നടന്ന ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു. നല്ല മനുഷ്യരുടെ ഗണത്തില്‍പെടുത്താവുന്നവരാണ് അവര്‍.''

വാഷിങ്ടണ്‍: ഹമാസുമായുള്ള രഹസ്യ ചര്‍ച്ച യുഎസ്-ഇസ്രായേല്‍ ബന്ധത്തില്‍ കൂടുതല്‍ ഉലച്ചിലുണ്ടാക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഒരു യുഎസ് വൃത്തം അസാധാരണമായി ഹമാസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയ വിവരം പുറത്തുവന്നത് ദിവസങ്ങള്‍ക്കുമുന്‍പാണ്. ഇതിനു പിന്നാലെ, ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ ആഡം ബോഹ്ലെറെ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിശ്വസ്തനും ഇസ്രായേല്‍ സ്ട്രാറ്റജിക് അഫേഴ്സ് മന്ത്രിയുമായ റോണ്‍ ഡെര്‍മര്‍ ഫോണില്‍ വിളിച്ചു ശകാരിച്ച വിവരവും പുറത്തുവന്നു. ഇപ്പോഴിതാ പുതിയ വിവാദങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയാണ് ബെഹ്ലെര്‍. അമേരിക്ക ഇസ്രായേലിന്റെ ഏജന്റല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഹമാസ് നേതാക്കളെ പ്രകീര്‍ത്തിക്കാനും ബോഹ്ലെര്‍ മറന്നില്ല.

സിഎന്‍എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഹമാസ് ചര്‍ച്ചയെ ചൊല്ലി പുകയുന്ന വിവാദങ്ങളോട് ആഡം ബോഹ്ലെര്‍ വിശദമായി പ്രതികരിച്ചിരിക്കുന്നത്. ഹമാസിനെ തങ്ങള്‍ അങ്ങോട്ടു ബന്ധപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള കീഴടങ്ങലായിരുന്നില്ല, അനിവാര്യമായ ചുവടുവയ്പ്പായിരുന്നു അതെന്നും ബന്ദി ചര്‍ച്ചയ്ക്കായി നിയോഗിക്കപ്പെട്ട ദൂതന്‍ പറഞ്ഞു.

തുടര്‍ന്നാണ് അമേരിക്കയുടെ പരമാധികാരം ബോഹ്ലെര്‍ ഓര്‍മിപ്പിക്കുന്നത്. ''ഞങ്ങള്‍ അമേരിക്കയാണ്. ഇസ്രായേലിന്റെ ഏജന്റല്ല. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ താല്‍പര്യങ്ങളുണ്ട്. അതേക്കുറിച്ചു പരസ്പരം ആശയവിനിമയം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ പിന്തുടരുന്ന വ്യക്തമായ ചില മാനദണ്ഡങ്ങളുമുണ്ട്.''-അദ്ദേഹം വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ ഹമാസ് യാഥാര്‍ഥ്യബോധ്യത്തോടെയാണ് ഇടപെടുന്നതെന്നും ബോഹ്ലെര്‍ പറഞ്ഞു. ദോഹയില്‍ നടന്ന ചര്‍ച്ച വളരെ ഫലപ്രദമായിരുന്നു. നല്ല മനുഷ്യരുടെ ഗണത്തില്‍പെടുത്താവുന്നവരാണ് അവര്‍. എല്ലാവരും മനുഷ്യരാണ്, മാനുഷികമായ ഗുണങ്ങളെല്ലാം അവരിലുണ്ടെന്നും തിരിച്ചറിഞ്ഞു ചര്‍ച്ച ആരംഭിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. അവര്‍ ശരിക്കും എന്താണെന്നു ആലോചിക്കുമ്പോള്‍ ഈ പറയുന്നതെല്ലാം വിചിത്രമമായി തോന്നാം. എന്നാല്‍, അമേരിക്കക്കാരെ മാത്രമല്ല എല്ലാ ബന്ദികളെയും തിരിച്ചുകൊണ്ടുവരാന്‍ നമുക്കാകും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ശുഭകരമായ തീരുമാനങ്ങളുണ്ടാകുമെന്നും വെളിപ്പെടുത്തുന്നുണ്ട് അദ്ദേഹം.

''വളരെ ദുര്‍ബലമായ സാഹചര്യത്തില്‍ ചില ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുകയാണ് ഞാന്‍ ചെയ്തത്. ഹമാസിന്റെ അന്തിമലക്ഷ്യം എന്താണെന്നു ചോദിച്ചറിയുകയായിരുന്നു എന്റെ താല്‍പര്യം. ആരെയെങ്കിലുമായി കൂടിക്കാഴ്ച നടത്തിയാല്‍ അത് അവര്‍ക്ക് വഴങ്ങലാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. മുന്‍ ഭരണകൂടം ചെയ്ത പോലെ ഇറാന് ഒരു ബില്യന്‍ ഡോളറൊക്കെ നല്‍കുന്നതാണു കീഴടങ്ങല്‍.

കാര്യങ്ങള്‍ എങ്ങോട്ടു പോകുന്നു എന്നതിനെ ആശ്രയിച്ചാണു കാര്യങ്ങള്‍ നില്‍ക്കുന്നത്. എല്ലാം ശരിയായ പാതയിലാണെങ്കില്‍ ഇത് എവിടെ അവസാനിക്കുമെന്നതിനെ കുറിച്ച് എനിക്കു പ്രതീക്ഷയുണ്ട്. ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ നല്ല കാര്യമാകും. എല്ലാം കൃത്യമായ വഴിക്കു നടക്കാനായി ഇനിയും കൂടിക്കാഴ്ചകളുണ്ടാകും. നമ്മുടെ ബന്ദികളെ തിരിച്ചെത്തിക്കാന്‍ വേണ്ടിയാണ് ഈ ശ്രമങ്ങളത്രയും നടക്കുന്നത്. അമേരിക്കന്‍ ബന്ദികള്‍ക്കൊപ്പം ഇസ്രായേലി ബന്ദികള്‍ക്കു കൂടിയാണ് ഈ ചര്‍ച്ചകളെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതാണ്. ചര്‍ച്ചകളും ആശയവിനിമയങ്ങളും പ്രധാനമാണ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്നോ വിജയിച്ചെന്നോ ഇപ്പോള്‍ പറയാറായിട്ടില്ല.

ഈ ആഴ്ച ദോഹയില്‍ എല്ലാവരെയും കാണാനാകുമെന്നതില്‍ സന്തോഷമുണ്ട്. അതിനര്‍ഥം നമ്മള്‍ കീഴടങ്ങന്നുവെന്നല്ല. നമ്മുടെ പൗരന്മാരെ പിടിച്ചുവച്ചിരിക്കുന്നവരുമായി ശക്തമായി തന്നെയാണ് അമേരിക്ക ഇടപെടുന്നത്. നമ്മളോട് അന്യായമായി പെരുമാറാന്‍ അവരെ സമ്മതിക്കില്ല. ഒരു കാര്യം പറയാം, നമ്മുടെ ജനങ്ങളെ ഞങ്ങള്‍ തിരിച്ചുകൊണ്ടുവന്നിരിക്കും.''

റോണ്‍ ഡെര്‍മര്‍ ഫോണില്‍ വിളിച്ചു കയര്‍ത്തു സംസാരിച്ചതിനെ കുറിച്ചും ബോഹ്ലെര്‍ പ്രതികരിക്കുന്നുണ്ട്. ''ഡെര്‍മര്‍ അദ്ദേഹത്തിന്റെ ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണു ചെയ്തത്. ആ ആശങ്കകളെല്ലാം മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ മറുപടിയും നല്‍കി. അവരോട് എനിക്ക് സഹാനുഭൂതിയുണ്ട്. ഹമാസുമായി നേരിട്ടു ബന്ധമുള്ളയാളോ അവരെ നന്നായി അറിയുന്നയാളോ ഒന്നുമല്ല അദ്ദേഹം. അവരുടെ തലയില്‍ കൊമ്പൊന്നുമില്ല. നമ്മളെപ്പോലെ നല്ല മനുഷ്യരാണ് അവരെന്നും നേരില്‍ കണ്ടാല്‍ പറയുന്നുണ്ട്.''

അയല്‍പ്പക്കത്തുള്ളവര്‍ നിലനില്‍ക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു രാജ്യത്താണ് അദ്ദേഹം കഴിയുന്നത്. ഞാന്‍ അങ്ങനെയൊരു രാജ്യത്തല്ല ഉള്ളത്. അപ്പോള്‍ അവരുമായി ചര്‍ച്ച നടത്തുമ്പോള്‍ അദ്ദേഹം അസ്വസ്ഥനാകുന്നതും ആശങ്കപ്പെടുന്നതും സ്വാഭാവികമാണെന്നും ന്യായീകരിക്കാനും ബോഹ്ലെര്‍ ശ്രമിക്കുന്നുണ്ട്.

ചര്‍ച്ചകളെ കുറിച്ച് ശുഭാപ്തി വിശ്വാസത്തിലാണെന്നും ബോഹ്ലെര്‍ വെളിപ്പെടുത്തി. താന്‍ പറയുന്നതു വിചിത്രമായി തോന്നുന്നുണ്ടാകാം. എന്നാല്‍, ഭരണമേറ്റെടുത്ത ട്രംപാണ് തന്റെ ശുഭാപ്തി വിശ്വാസത്തിന്റെ കാരണം. അത് മേഖലയിലെ സ്ഥിതിഗതികളെല്ലാം മാറ്റിമറിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ ഭാഗമായി ഹമാസ് ആയുധം താഴെവയ്ക്കുകയും ദീര്‍ഘകാലത്തേക്കുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യും. നമ്മള്‍ തടവുകാരെ കൈമാറുകയും ചെയ്യും. ഇതോടൊപ്പം ഗസ്സയുടെ പുനര്‍നിര്‍മാണവും തങ്ങളുടെ മുന്നിലുണ്ടെന്നും ആഡം ബോഹ്ലെര്‍ വെളിപ്പെടുത്തി.

ഹമാസിനെ പുകഴ്ത്തിയത് വിവാദമായതോടെ വിശദീകരണവുമായും അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്. തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നാണു പ്രതികരണം. ആയിരക്കണക്കിനു നിരപരാധികളെ കൊന്ന ഭീകര സംഘടനയാണ് ഹമാസെന്നും നിര്‍വചന പ്രകാരം മോശം മനുഷ്യരാണ് അവരെന്നും ബോഹ്ലെര്‍ വിശദീകരിച്ചു. അടിയന്തരമായി എല്ലാ ബന്ദികളെയും മോചിപ്പിച്ചില്ലെങ്കില്‍ ഒരൊറ്റ ഹമാസ് നേതാവും ബാക്കിയാകില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയ കാര്യം അദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

റോണ്‍ ഡെര്‍മെറും ബോഹ്ലറും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് യുഎസ്-ഹമാസ് രഹസ്യ ചര്‍ച്ചയെ കുറിച്ചുള്ള വിവരം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലാണു വിവരം ചോര്‍ത്തിയതെന്നാണ് അമേരിക്ക സംശയിക്കുന്നത്. സംഭവം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിശ്വാസത്തില്‍ വിള്ളലുണ്ടാക്കിയതായി 'ടൈംസ് ഓഫ് ഇസ്രായേല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

Summary: Trump’s hostage envoy Adam Boehler defends talks with Hamas, says US 'not an agent of Israel'

Similar Posts