< Back
World
നൈജീരിയയിൽ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്; ‘പെർഫെക്ട് സ്‌ട്രൈക്ക്’ എന്ന് ട്രംപ്
World

നൈജീരിയയിൽ ഐഎസ് കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്; ‘പെർഫെക്ട് സ്‌ട്രൈക്ക്’ എന്ന് ട്രംപ്

Web Desk
|
26 Dec 2025 1:40 PM IST

നൈജീരിയ സർക്കാരിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടതായും യുഎസ്

അബുജ: നൈജീരിയയിലെ ഇസ്‌ലാമിക്‌ സ്റ്റേറ്റ് ഭീകര കേന്ദ്രങ്ങളിൽ ക്രിസ്മസ് ദിനത്തിൽ വ്യോമാക്രമണം നടത്തി യു.എസ് സൈന്യം. നൈജീരിയയിലെ ക്രിസ്ത്യാനികളെ കൊല്ലുന്നത് നിർത്തണമെന്ന് ഭീകരർക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം.

വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് ഭീകര താവളങ്ങളിൽ നിരവധി തവണയാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. ഭീകരവാദികൾക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് ഒക്ടോബർ അവസാനം മുതൽ ട്രംപ് ആവർത്തിച്ച് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നൈജീരിയയിലെ ഐഎസ് ഭീകര താവളങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്.

നൈജീരിയ സർക്കാരിന്റെ അറിവോടെയായിരുന്നു ആക്രമണമെന്നും നിരവധി ഭീകരർ കൊല്ലപ്പെട്ടതായും യുഎസ് വ്യക്തമാക്കി. 'പെർഫക്ട് സ്ട്രൈക്ക്' എന്നാണ് ട്രംപ് ആക്രമണത്തെ വിശേഷിപ്പിച്ചത്. നൈജീരിയയിലെ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനങ്ങൾ തടയുന്നതിൽ അവിടുത്തെ സർക്കാർ പരാജയപ്പെട്ടുവെന്നും നിരപരാധികളായ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം.

അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. യു.എസ് സൈന്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിലെ ആക്രമണമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ട്രംപിന് കീഴിൽ യുഎസ് സേന നൈജീരിയയിൽ നടത്തുന്ന ആദ്യത്തെ ആക്രമണങ്ങളാണിത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളെ തുടർന്ന് നൈജീരിയയ്‌ക്കെതിരെ യു.എസ് വിസ നിയന്ത്രണങ്ങളുൾപ്പെടെ ഏർപ്പെടുത്തിയിരുന്നു.

Similar Posts