< Back
World
ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച്ച; ഫലസ്തീനികളെ ഗസ്സയിൽ നിന്നൊഴിപ്പിക്കുന്നത് ആവർത്തിച്ച് നേതാക്കൾ
World

ട്രംപ്-നെതന്യാഹു കൂടിക്കാഴ്ച്ച; ഫലസ്തീനികളെ ഗസ്സയിൽ നിന്നൊഴിപ്പിക്കുന്നത് ആവർത്തിച്ച് നേതാക്കൾ

Web Desk
|
8 July 2025 5:16 PM IST

21 മാസമായി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 60 ദിവസത്തെ വെടിനിർത്തൽ നിർദേശങ്ങളെക്കുറിച്ച് ഇസ്രായേലും ഹമാസും ഖത്തറിൽ നടത്തിയ പരോക്ഷ ചർച്ചകൾക്ക് ആക്കം കൂടുന്നതായിരിക്കും ട്രംപുമായുള്ള ചർച്ച എന്നാണ് കണക്കുകൂട്ടിയിരുന്നത്

വാഷിംഗ്‌ടൺ: ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഗസ്സയിലുള്ള ആയിരക്കണക്കിന് ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കാനുള്ള വിവാദ നിർദേശം ഇരു നേതാക്കളും ചർച്ചയിൽ ആവർത്തിച്ചു. ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തൽ കരാറിനെ കുറിച്ച് ഇസ്രായേലും ഹമാസും ഖത്തറിൽ നടത്തിയ പരോക്ഷ ചർച്ചകൾക്ക് ആക്കം കൂടുന്നതായിരിക്കും ട്രംപുമായുള്ള ചർച്ച എന്നാണ് കണക്കുകൂട്ടിയിരുന്നത്. യുഎസ് പിന്തുണയോടുകൂടിയുള്ളതാണ് വെടിനിർത്തൽ ചർച്ച.

ഫലസ്തീനികൾക്ക് 'മികച്ച ഭാവി' നല്‍കുന്നതിനായി യുഎസും ഇസ്രായേലും മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗസ്സ നിവാസികള്‍ക്ക് അയല്‍രാജ്യങ്ങളിലേക്ക് മാറാന്‍ കഴിയുമെന്നും നെതന്യാഹു യോഗത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ആളുകൾക്ക് താമസിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് അവിടെ തന്നെ തുടരാം. പക്ഷേ പോകാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് അതിനും കഴിയണം. അതൊരു ജയിലാക്കരുത്. ആളുകൾക്ക് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നൽകാനുള്ള അവസരവും നൽകണം.' നെതന്യാഹു പറഞ്ഞു.

'ഫലസ്തീനികൾക്ക് മികച്ച ഭാവി നല്‍കാന്‍ കഴിയുന്ന രാജ്യങ്ങളെ കണ്ടെത്തുന്നതില്‍ ഞങ്ങള്‍ അമേരിക്കയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുകയാണ്. ഇത്തരത്തിൽ നിരവധി രാജ്യങ്ങളെ കണ്ടെത്തുന്നതിനോട് ഞങ്ങള്‍ അടുത്തുകൊണ്ടിരിക്കുന്നു.' നെതന്യാഹു കൂട്ടിച്ചേർത്തു. ഫലസ്തീനികളെ മാറ്റിപ്പാർപ്പിച്ച് ഗസ്സ ഏറ്റെടുത്ത് 'മധ്യേഷ്യയുടെ റിവേറ' ആക്കി മാറ്റുക എന്ന ആശയം ഈ വർഷം ആദ്യം ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ഇതിനെ തുടർന്ന് കനത്ത പ്രതിഷേധമുണ്ടാവുകയും ചെയ്തു. എന്നാൽ നിലവിൽ ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്ന് ഈ വിഷയത്തിൽ വലിയ സഹകരണം ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.

Similar Posts