
ഇറാൻ സുപ്രിം ലീഡർ ആയത്തുല്ല അലി ഖാംനഈയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തതായി റിപോർട്ട്
|ഇറാൻ സുപ്രിം ലീഡറെ കൊല്ലാൻ അവസരം ലഭിച്ചതായും ട്രംപ് അവരെ പദ്ധതിയിൽ നിന്ന് പിന്തിരിപ്പിച്ചതായും യുഎസ് ഉദ്യോഗസ്ഥർ
വാഷിങ്ടൺ: ഇറാൻ സുപ്രിം ലീഡർ ആയത്തുല്ല അലി ഖാംനഈയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ‘ഇറാൻ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോ? ഇല്ല. അവർ അത് ചെയ്യുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല.’ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ്.
ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഇറാൻ ശക്തമായി തിരിച്ചടിക്കുകയും ഇസ്രായേലിൽ കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥർ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇറാൻ സുപ്രിം ലീഡറെ കൊല്ലാൻ അവസരം ലഭിച്ചതായും ട്രംപ് അവരെ പദ്ധതിയിൽ നിന്ന് പിന്തിരിപ്പിച്ചതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർത്തയോട് പ്രതികരിക്കാൻ തയ്യാറായില്ല. 'ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണങ്ങളുണ്ട്. ഞാൻ അതിലേക്ക് കടക്കുന്നില്ല.' ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. 'ഇസ്രായേൽ ചെയ്യേണ്ടത് ചെയ്യും. അമേരിക്കക്ക് എന്താണ് നല്ലതെന്ന് അമേരിക്കക്കും അറിയാമെന്നും ഞാൻ കരുതുന്നു.' നെതന്യാഹു കൂട്ടിച്ചേർത്തു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യുഎസുമായുള്ള ഇറാന്റെ ആണവ ചർച്ചകൾ റദ്ദാക്കി. യുഎസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. അതേസമയം, ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധത്തെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.