< Back
World
എനിക്ക് തരൂ എന്ന് ഞാൻ പറഞ്ഞില്ല, അവള്‍ അങ്ങനെ ചെയ്തേക്കും; സമാധാന നൊബേലിൽ പ്രതികരണവുമായി ട്രംപ്
World

'എനിക്ക് തരൂ എന്ന് ഞാൻ പറഞ്ഞില്ല, അവള്‍ അങ്ങനെ ചെയ്തേക്കും'; സമാധാന നൊബേലിൽ പ്രതികരണവുമായി ട്രംപ്

Web Desk
|
11 Oct 2025 8:42 AM IST

നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് കഴിഞ്ഞ ഒരുവർഷമായി ട്രംപ് അവകാശപ്പെട്ടിരുന്നു

വാഷിങ്ടൺ: സമാധാന നൊബേൽ സമ്മാനം ലഭിക്കാത്തതില്‍ ആദ്യമായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്നോടുള്ള പൂർണ ബഹുമാനാർഥമാണ് വെനസ്വേലൻ പ്രതിപക്ഷ നേതാവ് അവാർഡ് സ്വീകരിച്ചതെന്ന് ട്രംപ് പറഞ്ഞു. വെറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നൊബേൽ സമ്മാനം ലഭിച്ച ആൾ ഇന്ന് എന്നെ വിളിച്ചിരുന്നു. നിങ്ങൾ ഇത് ശരിക്കും അർഹിച്ചിരുന്നു.അതിനാൽ ഞാനിത് സ്വീകരിക്കുന്നു എന്നാണ് അവർ പറഞ്ഞത്.എന്നാൽ എനിക്ക് തരൂ എന്ന് ഞാൻ പറഞ്ഞില്ല. അവൾ അങ്ങനെ ചെയ്‌തേക്കാം..വെനസ്വേലയിൽ ദുരന്തമുണ്ടായ സമയത്ത് അവരെ ഞാൻ സഹായിച്ചിട്ടുണ്ട്.ദശലക്ഷക്കണിക്കിന് ജീവൻ രക്ഷിച്ചതിൽ സന്തുഷ്ടനാണ്.. ' ട്രംപ് പറഞ്ഞു.

നൊബേൽ സമ്മാനത്തിന് താൻ അർഹനാണെന്ന് കഴിഞ്ഞ ഒരുവർഷമായി ട്രംപ് അവകാശപ്പെട്ടിരുന്നു.ആറേഴ് യുദ്ധങ്ങൾ താനിടപെട്ട് അവസാനിപ്പിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എനിക്ക് സമാധാനത്തിനുള്ള നൊബേൽ ലഭിക്കണമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഇന്ത്യയും പാകിസ്താനും തമ്മിഷുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചതിന് തനിക്ക് നൊബേൽ സമ്മാനം ലഭിക്കേണ്ടതാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ട്രംപിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വെനസ്വേലൻ പ്രതിപക്ഷ നേതാവും ജനാധിപത്യ മനുഷ്യാവകാശ പ്രവർത്തകയുമായ മരിയ കൊരീന മച്ചാഡോക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

തനിക്ക് ലഭിച്ച അംഗീകാരം വെനിസ്വേലയിലെ ബുദ്ധിമുട്ടുന്ന ജനങ്ങൾക്കും തങ്ങളുടെ പോരാട്ടത്തിന് പിന്തുണ നൽകുന്ന യുഎസ് പ്രസിഡന്റ് ട്രംപിനും സമർപ്പിക്കുമെന്നും മരിയ കൊരീന മച്ചാഡോ പ്രതികരിച്ചിരുന്നു. ഈ അംഗീകാരം സ്വാതന്ത്ര്യത്തിനായി പോരാടുന്ന വെനസ്വേലയിലെ മുഴുവൻ ജനങ്ങൾക്കുമുള്ളതാണൈന്ന് മച്ചാഡോ എക്സിൽ കുറിച്ചു.

സമാധാനത്തിനുള്ള നൊബേൽ ലഭിക്കുന്ന ഇരുപതാമത് വനിതയാണ് മരിയ. 2011 മുതൽ 2014 വരെ വെനസ്വേലയുടെ നാഷണൽ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. നിസഹായരായ ആളുകൾക്ക് വേണ്ടി പോരാടിയ വനിത എന്ന് നൊർവീജിയൻ നൊബേൽ കമ്മിറ്റി മരിയയെ വിശേഷിപ്പിക്കുന്നു. വെനസ്വേലയുടെ ഉരുക്കു വനിത എന്നാണ് മരിയ അറിയപ്പെടുന്നത്.

ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് മരിയ കൊറീന. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുള്ളത് മരിയയാണ്. 2002ലാണ് മരിയ രാഷ്ട്രീയത്തിലെത്തുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മരിയ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2018ൽ ബിബിസി തെരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തെരഞ്ഞെടുത്തതിലും മരിയ ഉൾപ്പെട്ടിരുന്നു.

Similar Posts