< Back
World
donald trump
World

'അതൊരു വലിയ തിരിച്ചടിയായിരുന്നു'; ഇന്ത്യക്ക് ചുമത്തിയ തീരുവ റഷ്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ട്രംപ്

Web Desk
|
12 Aug 2025 10:02 AM IST

കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ മോസ്കോയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ രാജ്യം എന്നാണ് ട്രംപ് തിങ്കളാഴ്ച ഇന്ത്യയെ വിശേഷിപ്പിച്ചത്.

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ ട്രംപ്, നിരവധി രാജ്യങ്ങൾക്ക് മേൽ യുഎസ് തീരുവ ചുമത്തിയതിനെത്തുടർന്ന് ആഗോള സമ്മർദങ്ങൾ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തിയത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ജൂലൈ 30 ന് ആദ്യം 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ആഗസ്ത് 7നാണ് അധിക 25 ശതമാനം പ്രഖ്യാപിച്ചത്.

"റഷ്യ അവരുടെ രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് തിരിച്ചുവരണം. രാജ്യത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വലിയ സാധ്യതകൾ" ഉണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. റഷ്യൻ സമ്പദ്‌വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നില്ലെന്നും അധിക തീരുവകളാൽ അത് അസ്വസ്ഥമാണെന്നും യുഎസ് പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

അതേസമയം 145 ശതമാനം അധിക തീരുവയിൽ അമേരിക്ക ചൈനയ്ക്ക് സാവകാശം നൽകി . ചൈനയ്ക്ക് മേലുള്ള അധിക തീരുവ മൂന്ന് മാസത്തേക്ക് കൂടി മരവിപ്പിച്ചു. അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ വരാനിരിക്കെയാണ് ട്രംപിന്‍റെ തീരുമാനം. നവംബർ വരെ, നിലവിലുള്ള 30 ശതമാനം തീരുവ തന്നെ തുടരും.

Similar Posts