< Back
World
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന് ട്രംപ്;  തള്ളി കേന്ദ്രം
World

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന് ട്രംപ്; തള്ളി കേന്ദ്രം

Web Desk
|
2 Aug 2025 10:15 AM IST

റഷ്യൻ ഇറക്കുമതി നിർത്തലാക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് മന്ത്രാലയത്തിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇത് നല്ല തീരുമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ട്രംപിൻ്റെ വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി.

"ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് എനിക്ക് മനസ്സിലായി. അതാണ് ഞാൻ കേട്ടത്, അത് ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. അതൊരു നല്ല നടപടിയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം." ട്രംപ് വാഷിങ്ടൺ ഡിസിയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് ഇന്ത്യയ്ക്ക് പിഴ ചുമത്താൻ വാഷിംഗ്ടൺ തീരുമാനിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്‍റെ പ്രസ്താവന. കൂടാതെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25% അധിക തീരുവയും ഏർപ്പെടുത്തിയിരുന്നു. യുക്രൈൻ യുദ്ധത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും ഇന്ത്യ റഷ്യൻ എണ്ണ വിലക്കുറവിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിന് നേരത്തെ ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വിമർശിച്ചിരുന്നു.

എന്നിരുന്നാലും, റഷ്യൻ ഇറക്കുമതി നിർത്തലാക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് മന്ത്രാലയത്തിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു."ഇന്ത്യയുടെ ഊർജ വാങ്ങലുകൾ ദേശീയ താൽപര്യങ്ങളുടെയും വിപണി ശക്തികളുടെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇന്ത്യൻ എണ്ണക്കമ്പനികൾ റഷ്യൻ ഇറക്കുമതി നിർത്തിവച്ചതായി ഞങ്ങൾക്ക് റിപ്പോർട്ടുകളൊന്നുമില്ല," ഒരു സ്രോതസ് വ്യക്തമാക്കി.ഈ മാസം കിഴിവുകൾ കുറഞ്ഞതിനാലും മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് മുന്നറിയിപ്പ് നൽകിയതിനാലും കഴിഞ്ഞ ആഴ്ച ഇന്ത്യൻ റിഫൈനറുകൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതായി നിരവധി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ്, ഭാരത് പെട്രോളിയം കോർപ്പ്, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് എന്നിവ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യൻ ക്രൂഡ് ഓയിൽ ആവശ്യപ്പെട്ടിട്ടില്ല.റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനോട് റിഫൈനറികളും ഫെഡറൽ എണ്ണ മന്ത്രാലയവും പ്രതികരിച്ചില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുമായുള്ള ബന്ധം തുടര്‍ന്നാല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നാറ്റോയും വ്യക്തമാക്കിയിരുന്നു.

Similar Posts