< Back
World
ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് ട്രംപ്, സ്വപ്‌നം കാണുന്നത് തുടരൂവെന്ന് ഖാംനഈയുടെ മറുപടിഡോണള്‍ഡ് ട്രംപ്- ആയത്തുള്ള അലി ഖാംനഇ Photo-AP
World

ഇറാന്റെ ആണവകേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് ട്രംപ്, സ്വപ്‌നം കാണുന്നത് തുടരൂവെന്ന് ഖാംനഈയുടെ മറുപടി

Web Desk
|
21 Oct 2025 9:08 AM IST

ട്രംപിന്റെത് കരാറല്ല, ഭീഷണിപ്പെടുത്തലും അടിച്ചേൽപ്പിക്കലുമാണെന്ന് ഖാംനഈ

തെഹ്റാന്‍: ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ.

ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനം അദ്ദേഹം നിരസിക്കുകയും ചെയ്തു. ജൂണിലെ യുദ്ധത്തിന് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മില്‍ അഞ്ച് റൗണ്ട് പരോക്ഷ ആണവ ചർച്ചകളിൽ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അതിലൊന്നും ഒരു സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.

'ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ചതായാണ് അമേരിക്കൻ പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്. സ്വപ്നം കാണുന്നത് തുടരൂ എന്നാണ് ഇതിനോട് പറയാനുള്ളത്'- അദ്ദേഹം പറഞ്ഞു.' ട്രംപ് പറയുന്നത് അദ്ദേഹമൊരു ഡീല്‍ മേക്കറാണെന്നാണ്. എന്നാൽ ഒരു കരാറിനൊപ്പം വാശിയും അതിന്റെ ഫലം മുൻകൂട്ടി നിശ്ചയിച്ചിട്ടും ഉണ്ടെങ്കില്‍, അതൊരു കരാര്‍ അല്ല, മറിച്ച് അടിച്ചേൽപ്പിക്കലും ഭീഷണിപ്പെടുത്തലുമാണത്'- അലി ഖാംനഈ കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും എങ്ങനെയാകണമെന്നും പറയാന്‍ ട്രംപിന് എന്ത് അവകാശമെന്നും ഖാംനഇ ചോദിച്ചു. ഇറാനുമായി സമാധാന കരാർ ചർച്ച ചെയ്യാൻ കഴിയുമെങ്കിൽ അത് വളരെ നല്ലതായിരിക്കുമെന്ന് ട്രംപ് ഇസ്രായേൽ പാർലമെന്റിൽ പറഞ്ഞിരുന്നു. ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളില്‍ ബോംബുകള്‍ വര്‍ഷിച്ചുവെന്നും അവ പൂര്‍ണ്ണമായും ഇല്ലാതാക്കിയെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിനൊക്കെയുള്ള മറുപടിയായാണ് ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതികരണം.

Similar Posts