< Back
World
ഗസ്സയിൽ നിന്നുള്ള പ്രാരംഭ സൈനിക പിന്മാറ്റ സ്ഥലം ഇസ്രായേൽ അംഗീകരിച്ചു; ട്രംപ്

നെതന്യാഹു,ട്രംപ് Photo|AFP

World

'ഗസ്സയിൽ നിന്നുള്ള പ്രാരംഭ സൈനിക പിന്മാറ്റ സ്ഥലം ഇസ്രായേൽ അംഗീകരിച്ചു'; ട്രംപ്

Web Desk
|
5 Oct 2025 6:39 AM IST

ഹമാസ് അംഗീകരിക്കുന്നതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡന്റ്‌

ഗസ്സ സിറ്റി: ഗസ്സയിൽ നിന്നുള്ള പ്രാരംഭ സൈനികപിന്മാറ്റ സ്ഥലം ഇസ്രായേൽ അംഗീകരിച്ചെന്ന് ഡോണാൾഡ് ട്രംപ്. ഹമാസ് ഇക്കാര്യം അംഗീകരിക്കുന്നതോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിന്‍റെ പ്രാരംഭ ചർച്ചക്ക്​ നാളെ ഈജിപ്ത്​ വേദിയാകും.ഹമാസിന്‍റെ നിരായുധീകരണം ട്രംപ്​ പദ്ധതി മുഖേനയോ അതല്ലെങ്കിൽ സെനികമായോ നടപ്പാക്കുമെന്ന്​ നെതന്യാഹു പറഞ്ഞു.

ഇരുപതിന പദ്ധതിയോട്​ ഹമാസ്​ അനുഭാവം പ്രകടിപ്പിച്ചതിനെ തുടർന്ന്​ ബന്ദിമോചനം ഉറപ്പാക്കാൻ സൈനിക നടപടികൾ നിർത്തി വെക്കണ​മെന്ന ഇസ്രായേലിനോടുള്ള അമേരിക്കൻ പ്രസിഡന്‍റ്​ ഡോണാൾഡ്​ ട്രംപിന്‍റെ ആഹ്വാനം നടപ്പായില്ല. ഇന്നലെ 61 പേരാണ്​ ഗസ്സയിൽ കൊല്ലപ്പെട്ടത്​. ഗസ്സ സിറ്റിയിൽ മാത്രം 46പേരെയാണ്​ കൊന്നുതള്ളിയത്​. എന്നിട്ടും സമാധാനകരാർ നിലവിൽ വരാനുള്ള സാധ്യതകൾ പരിഗണിച്ച് ബോംബിങ് നിർത്തിയ ഇസ്രായേലിന്റെ തീരുമാനത്തെ ഡോണാൾഡ്​ ട്രംപ്​ അഭിനന്ദിച്ചു.

ഹമാസിന് വീണ്ടും മുന്നറിയിപ്പ്​ നൽകാനും യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മറന്നില്ല. എത്രയും പെട്ടെന്ന് സമാധാന കരാറിലെ നടപടികൾക്ക് തുടക്കം കുറിക്കണമെന്നും അല്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നുമാണ് ഹമാസിന് ട്രംപ് നൽകിയ മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപിന്‍റെ പ്രതികരണം. ഹമാസ് തീരുമാനമെടുക്കാൻ വൈകിയാൽ അത് ഗസ്സക്ക് തന്നെ ഭീഷണിയാകുമെന്നും ട്രംപ് പറഞ്ഞു. ഗസ്സയിൽ നെതന്യാഹു കൂടുതൽ മുന്നോട്ടുപോയെന്നും അതിലൂടെ ലോക പിന്തുണ ഇസ്രായേലിന്​ വലിയതോതിൽ നഷ്ടമായിരിക്കെ, ഇരുപതിന പദ്ധതി മികച്ച പ്രശ്നപരിഹാരമാകു​മെന്നും ഇസ്രായേൽ ചാനലിന്​ നൽകിയ അഭിമുഖത്തിൽ ട്രംപ്​ പറഞ്ഞു. പദ്ധതി അംഗീകരിക്കുകയല്ലാതെ ഇസ്രായേലിന്​ വേറെ നിർവാഹമില്ലെന്ന്​ മറ്റൊരു ചാനലിന്​ നൽകിയ അഭിമുഖത്തിൽ ട്രംപ്​ പ്രതികരിച്ചു.

ഈജിപ്തിലെ സുഖവാസ കേന്ദമായ ശറമുശ്ശൈഖിലാണ്​ ഇരുപതിന പദ്ധതിയു​ടെ ആദ്യഘട്ടമായ സാങ്കേതിക കരാർ ചർച്ചകള്‍ നടക്കുക. ഇസ്രായേൽ, ഹമാസ്​ സംഘങ്ങൾ ഇന്ന്​ ഈജിപ്തിലെത്തും. അമേരിക്കയെ പ്രതിനിധാനം ചെയ്ത്​ സ്റ്റിവ്​ വിറ്റ്​കോഫ്​, ജാറെദ്​ കുഷ്​നർ എന്നിവരും പ​ങ്കെടുക്കും. ബന്ദിമോചനത്തിന്‍റെ രണ്ടാംഘട്ടമായി ഹമാസിന്‍റെ നിരായുധീകരണം കരാറിലൂടെയോ സൈനിക നടപടിയിലൂടെയോ ഉറപ്പാക്കുമെന്നും ഇസ്രായേൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. അതിനിടെ, കഴിഞ്ഞ ദിവസം ഗ്ലോബൽ സുമുദ്​ ഫ്ലോട്ടില്ലയുടെ ഭാഗമായെത്തി പിടിയിലായ ആക്​റ്റിവിസ്റ്റുകളെ തിരിച്ചയക്കുന്ന പക്രിയ തുടരുന്നതായി ഇസ്രായേൽ അറിയിച്ചു.ഗ്രേറ്റ തുംബർഗ്​ ഉൾപ്പെടെ ആക്​റ്റിവിസ്റ്റുകളെ ഇസ്രായേൽ അധിക്ഷേപിച്ചതായ പരാതിയും ഉയർന്നിട്ടുണ്ട്​.

Similar Posts