< Back
World
യുഎസ് കോൺഗ്രസിൽ ഇസ്രായേൽ ലോബിക്ക് സ്വാധീനം നഷ്ടപ്പെടുന്നുവെന്ന് ട്രംപ്
World

യുഎസ് കോൺഗ്രസിൽ ഇസ്രായേൽ ലോബിക്ക് സ്വാധീനം നഷ്ടപ്പെടുന്നുവെന്ന് ട്രംപ്

Web Desk
|
3 Sept 2025 9:36 AM IST

മാർച്ചിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു പോളിൽ പൊതുജനങ്ങൾക്കിടയിൽ ഇസ്രായേലിനുള്ള പിന്തുണ ഗണ്യമായി കുറഞ്ഞതായി പുറത്തുവന്നിരുന്നു

വാഷിംഗ്‌ടൺ: യുഎസ് കോൺഗ്രസിൽ ഇസ്രായേൽ ലോബിക്ക് ഒരു കാലത്ത് ഉണ്ടായിരുന്ന സ്വാധീനം ഇനിയില്ലെന്ന് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ഡെയ്‌ലി കോളറിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇസ്രായേൽ ലോബി ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു കാലത്തെ ട്രംപ് അഭിമുഖത്തിൽ ഓർമിച്ചു. എന്നാൽ ഇസ്രായേൽ രാഷ്ട്രത്തിന് ഇനി അമേരിക്കൻ രാഷ്ട്രീയക്കാരുടെ മേൽ നിയന്ത്രണം ഇല്ലെന്ന് ട്രംപ് അവകാശപ്പെട്ടു.

'ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ലോബിയായിരുന്നു ഇസ്രായേൽ. അവർക്ക് കോൺഗ്രസിന് മേൽ പൂർണ്ണ നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ അവർക്ക് അങ്ങനെയില്ല.' ട്രംപ് പറഞ്ഞു. മാത്രമല്ല പൊതുജനാഭിപ്രായ പ്രകാരം പ്രത്യേകിച്ച് യുവ റിപ്പബ്ലിക്കൻമാർക്കിടയിൽ ഇസ്രയേലിനോടുള്ള സമീപനത്തിൽ ഒരു മാറ്റം സംഭവിച്ചതായും ട്രംപ് പറഞ്ഞു. മാർച്ചിൽ പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു പോളിൽ ഇസ്രായേലിനുള്ള പിന്തുണ ഗണ്യമായി കുറഞ്ഞതായി പുറത്തുവന്നിരുന്നു.

കോൺഗ്രസിൽ ഇസ്രായേലിനുള്ള 'ഇരുമ്പുചീട്ടുള്ള' പിന്തുണ ഇപ്പോൾ കഴിഞ്ഞകാല കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. എഈ മാറ്റം ഉണ്ടായിരിക്കുമ്പോഴും ഇസ്രായേലിന് വേണ്ടി തന്നെക്കാൾ കൂടുതൽ ആരും ചെയ്തിട്ടില്ലെന്നും ട്രംപ് ഊന്നിപ്പറഞ്ഞു. ഇറാനുമായുള്ള യുദ്ധസമയത്ത് ഇസ്രായേൽ 'യുദ്ധത്തിൽ ജയിക്കുകയാണെന്നും എന്നാൽ പബ്ലിക് റിലേഷൻസിന്റെ ലോകം' നഷ്ടപ്പെടുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ഇസ്രായേലിനെക്കുറിച്ചുള്ള ചർച്ചകൾ വളർന്നുവരുന്നതിനിടെയാണ് ട്രംപിന്റെ പരാമർശങ്ങൾ. ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ജോർജിയ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ അടുത്തിടെ ഗസ്സയിലെ ഇസ്രായേലിന്റെ നടപടികളെ വംശഹത്യയാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഒരു യുഎസ് സഖ്യകക്ഷി എന്ന നിലയിൽ ഇസ്രായേലിന്റെ വിശ്വാസ്യതയെ ട്രംപ് മുൻ തന്ത്രജ്ഞൻ സ്റ്റീവ് ബാനനും ചോദ്യം ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ വിശ്വാസയോഗ്യമല്ലെന്ന് അദ്ദേഹം ആരോപിച്ചു.

Similar Posts