
Donald Trump | Photo | Special Arrangement
എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, നൊബേൽ പുരസ്‌കാരം തന്നില്ലെങ്കിൽ യുഎസിന് വലിയ അപമാനം: ഡോണൾഡ് ട്രംപ്
|എട്ട് മാസത്തിനിടെ തന്റെ ഇടപെടലിലൂടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിക്കാനായി എന്നാണ് ട്രംപിന്റെ അവകാശവാദം
വാഷിങ്ടൺ: യുദ്ധങ്ങൾ അവസാനിപ്പിക്കാൻ താൻ നടത്തിയ ശ്രമങ്ങൾ അവഗണിച്ച് ഒന്നും ചെയ്യാത്ത മറ്റാർക്കെങ്കിലുമാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നൽകുകയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ- ഹമാസ് സംഘർഷം അടക്കം എട്ട് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ഇസ്രായേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച 20 നിർദേശങ്ങൾ ഇരുകക്ഷികളും അംഗീകരിച്ചിട്ടില്ല.
''ഇത് അംഗീകരിക്കപ്പെട്ടാൽ എട്ട് മാസത്തിനിടെ നമ്മൾ അവസാനിപ്പിച്ച യുദ്ധങ്ങളുടെ എണ്ണം എട്ടാകും. അത് വളരെ നല്ലതാണ്. ആരും ഇതുവരെ അത് ചെയ്തിട്ടില്ല''- യുഎസ് സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.
തനിക്ക് നൊബേൽ പുരസ്‌കാരം ലഭിച്ചില്ലെങ്കിൽ യുഎസിന് അത് വലിയ അപമാനമാകുമെന്ന് ട്രംപ് പറഞ്ഞു. തനിക്ക് വേണ്ടിയല്ല താൻ ഇത് ആവശ്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. തനിക്ക് അതിന്റെ ആവശ്യമില്ല. രാജ്യത്തിന് അത് കിട്ടണമെന്നാണ് തന്റെ ആഗ്രഹമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.