< Back
World
പുടിനിൽ തൃപ്തനല്ലെന്ന് ട്രംപ്; റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും ആലോചന
World

പുടിനിൽ തൃപ്തനല്ലെന്ന് ട്രംപ്; റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്താനും ആലോചന

Web Desk
|
9 July 2025 8:53 AM IST

യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ അയക്കാൻ സാധ്യതയുണ്ടെന്നും ട്രംപ്

വാഷിങ്ടണ്‍: യുക്രെയ്നിലെ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കാര്യത്തില്‍ താൻ തൃപ്തനല്ലെന്നും മോസ്കോയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

''പുടിന്‍ എല്ലായ്‌പ്പോഴും വളരെ നല്ലവനാണ്, പക്ഷേ അതുകൊണ്ട് കാര്യമൊന്നുമില്ല, അദ്ദേഹം ഞങ്ങൾക്ക് നേരെ എന്തൊക്കയോ ഉന്നയിക്കുന്നു''- വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. പുടിൻ "ധാരാളം ആളുകളെ കൊല്ലുന്നു", അവരിൽ പലരും അദ്ദേഹത്തിന്റെ സൈനികരും യുക്രെയ്നിന്റെ സൈന്യവുമാണെന്നെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനായി സെനറ്റ് നിർദ്ദേശിച്ച ബില്ലിൽ താൽപ്പര്യമുണ്ടോ എന്ന് ചോദ്യത്തിന്, ഞാന്‍ അതിനെ ഗൗരവത്തോടെ തന്നെ കാണുന്നുണ്ടെന്നും ട്രംപ് മറുപടി പറഞ്ഞു. എന്നാൽ പുടിനുമായുള്ള നീരസം പരിഹരിക്കാൻ നടപടിയെടുക്കുമോ എന്ന് ചോദിച്ചപ്പോൾ തന്റെ പദ്ധതികളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. അക്കാര്യങ്ങളെക്കുറിച്ചൊന്നും ഞാന്‍ പറയില്ല. നമുക്ക് ഒരു ചെറിയ സർപ്രൈസ് വേണ്ടേ എന്നായിരുന്നു മറുപടി.

അതേസമയം യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ അയക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ കഠിനമാണെന്ന് പറഞ്ഞ ട്രംപ് യുക്രെയ്ന് അമേരിക്ക ഏറ്റവും മികച്ച ആയുധങ്ങൾ നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അമേരിക്ക ആയുധങ്ങൾ എത്തിച്ചില്ലായിരുന്നെങ്കിൽ റഷ്യ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ യുക്രെയ്നെ പരാജയപ്പെടുത്തുമായിരുന്നെന്നും ട്രംപ് അവകാശപ്പെട്ടു.

Similar Posts