< Back
World
അവകാശവാദങ്ങള്‍ തള്ളി; അമേരിക്കയുടെ ആക്രമം ഇറാന്റെ ആണവനിലയങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് ട്രംപ്
World

'അവകാശവാദങ്ങള്‍ തള്ളി'; അമേരിക്കയുടെ ആക്രമം ഇറാന്റെ ആണവനിലയങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് ട്രംപ്

Web Desk
|
23 Jun 2025 8:42 AM IST

ഫോര്‍ഡോ ആണവനിലയത്തില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ആക്രമണം ഇറാന്റെ ആണവനിലയങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് ട്രംപ്. ഞായറാഴ്ചത്തെ ആക്രണങ്ങളിലെ നാശനഷ്ടങ്ങള്‍ കുറച്ചു കാണാനുള്ള ഇറാന്റെ ശ്രമങ്ങള്‍ തള്ളിയിരിക്കുകയാണ് ട്രംപ്. ഇറാന്റെ എല്ലാ ആണവനിലയങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് പറഞ്ഞത്.

കനത്ത സുരക്ഷയുള്ള ഫോര്‍ഡോ ആണവനിലയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മൂന്ന് സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി എന്നതാണ്. ഭൂനിരപ്പില്‍ നിന്നും ഏറ്റവും താഴെയായാണ് വലിയ നാശം സംഭവിച്ചത്. എന്നാല്‍ ഇറാന്‍ തങ്ങളുടെ ആണവനിലയത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തിയിട്ടില്ല.

ആക്രമണത്തില്‍ രണ്ട് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായും ആണവനിലയത്തെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നതായും സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാമെന്ന് ട്രംപ് പറഞ്ഞു. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ ആണവനിലയത്തിനുള്ള യഥാര്‍ത്ഥ നാശനഷ്ടങ്ങള്‍ അജ്ഞാതമായി തുടരുകയാണെന്നാണ് ഇന്ന് രാവിലെ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞത്.

അതേസമയം, ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്ന് വീണ്ടും കനത്ത മിസൈല്‍ ആക്രമണമുണ്ടായിരിക്കുകയാണ്. ഇസ്രായേലില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങി. രാത്രി ഇറാന്‍ നഗരങ്ങളായ തെഹ്‌റാന്‍, ഇസ്ഫഹാന്‍, ഖറാജ് എന്നിവിടങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണവും നടന്നു.

ഇറാനെതിരായ ആക്രമണത്തില്‍ വിജയ വഴിയിലാണ് തങ്ങളെന്നും യുദ്ധം ഏത് വരെ തുടരും എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇന്നും നാളെയുമായി യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി.

Related Tags :
Similar Posts