< Back
World
ഒടുവിൽ ട്രംപ് വഴങ്ങി; കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്തേക്ക്
World

ഒടുവിൽ ട്രംപ് വഴങ്ങി; കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള ഫയലുകൾ പുറത്തേക്ക്

Web Desk
|
20 Nov 2025 9:20 AM IST

ഫയലുകൾ പുറത്തുവിടാനുള്ള നീക്കത്തെ മാസങ്ങളായി എതിർത്തിരുന്ന ട്രംപ് എപ്സ്റ്റീന്റെ ഇരകളിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ നിന്നും എതിർപ്പ് കടുത്തതോടെയാണ് തീരുമാനം മാറ്റിയത്

വാഷിങ്ടൺ: കടുത്ത രാഷ്ട്രീയ സമ്മർദത്തിനൊടുവിൽ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാൻ അനുമതി നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എപ്സ്റ്റീൻ കേസിലെ അന്വേഷത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഓൺലൈനായി സേർച്ച് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും പറ്റുന്ന ഫോർമാറ്റിൽ 30 ദിവസത്തിനുള്ളിൽ പുറത്തുവിടണമെന്നാണ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫയലുകൾ പുറത്തുവിടാനുള്ള നീക്കത്തെ മാസങ്ങളായി എതിർത്തിരുന്ന ട്രംപ് എപ്സ്റ്റീന്റെ ഇരകളിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിൽ നിന്നും എതിർപ്പ് കടുത്തതോടെയാണ് കഴിഞ്ഞ ആഴ്ച തീരുമാനം മാറ്റിയത്. ഫയലുകൾ പുറത്തുവിടാനുള്ള തീരുമാനം പ്രഖ്യാപിച്ച ട്രംപ് തന്റെ ഭരണകൂടത്തിന്റെ നേട്ടം സ്വന്തം അക്കൗണ്ടിലാക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്ന് ആരോപിച്ചു.

''ഡെമോക്രാറ്റുകളെ കുറിച്ചും ജെഫ്രി എപ്സ്റ്റീനുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുമുള്ള സത്യം ഉടൻ വെളിപ്പെടും. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഞാൻ ഒപ്പിട്ടിട്ടുണ്ട്. എപ്സ്റ്റീൻ വിഷയം റിപ്പബ്ലിക്കൻ പാർട്ടിയേക്കാൾ ബാധിക്കുന്നത് ഡെമോക്രാറ്റുകളെയാണ്. നമ്മുടെ അത്ഭുതകരമായ വിജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവർ അതിനെ ഉപയോഗിക്കുകയായിരുന്നു''- സോഷ്യൽ മീഡിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു.

എപ്സ്റ്റീൻ ഫയലുകൾ പരസ്യപ്പെടുത്തണമെന്ന് നീതിന്യായ വകുപ്പിനോട് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടതിന് പിന്നാലെ ഇത് സംബന്ധിച്ച ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകിയിരുന്നു. 427 അംഗങ്ങൾ ബിൽ പുറത്തുവിടാനുള്ള തീരുമാനത്തെ പിന്തുണച്ചപ്പോൾ ഒരാൾ മാത്രമാണ് എതിർത്തത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ആശയവിനിമയങ്ങളും 2019ൽ ഒരു ഫെഡറൽ ജയിലിൽ അദ്ദേഹം മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങളും 30 ദിവസത്തിനുള്ളിൽ നീതിന്യായവകുപ്പ് പുറത്തുവിടണം.

എപ്സ്റ്റീന്റെ എസ്റ്റേറ്റിൽ നിന്നുള്ള ഏകദേശം 20,000 പേജുള്ള രേഖകൾ, ട്രംപിനെ നേരിട്ട പരാമർശിക്കുന്നവ ഉൾപ്പെടെ കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. ട്രംപിനെക്കുറിച്ചുള്ള എപ്സ്റ്റീന്റെ 2018ലെ സന്ദേശങ്ങളും അതിൽ ഉൾപ്പെടുന്നുണ്ട്. ''അവനെ താഴെയിറക്കാൻ എനിക്ക് കഴിവുണ്ട്'' എന്നും ''ഡോണൾഡ് എത്ര വൃത്തികെട്ടവനാണെന്ന് എനിക്കറിയാം'' എന്നും എപ്സ്റ്റീൻ പറയുന്ന ഭാഗങ്ങളുണ്ട്.

അമേരിക്കയിലെ ശത കോടീശ്വരൻമാർക്കായി വിരുന്നുകൾ സംഘടിപ്പിച്ചിരുന്ന വിവാദ വ്യവസായിയായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിനും ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചതിനും തടവിലാക്കപ്പെട്ട എപ്‌സീനെ 2019 ജൂലൈ 24ന് ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുമ്പ് എപ്സ്റ്റീൻ സംഘടിപ്പിച്ച വിരുന്നുകളിൽ ട്രംപ് പങ്കെടുത്തിരുന്നു. ഇത് ആയുധമാക്കിയാണ് ഡെമോക്രാറ്റിക് പാർട്ടി രംഗത്തുവരികയും കേസിന്റെ ഫയലുകൾ പുറത്തുവിടാൻ ആവശ്യപ്പെടുകയും ചെയ്തത്.

Similar Posts