< Back
World
ആണവപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചാല്‍ ഇറാനിൽ ബോംബ് വീഴും: ഭീഷണിയുമായി ട്രംപ്‌
World

ആണവപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചാല്‍ ഇറാനിൽ ബോംബ് വീഴും: ഭീഷണിയുമായി ട്രംപ്‌

Web Desk
|
28 Jun 2025 10:27 AM IST

ഖാംനഈയെ മരണത്തിൽ നിന്ന് രക്ഷിച്ചത് ഞാനാണെന്നും ട്രംപ്

വാഷിങ്ടണ്‍: ആണവ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചാല്‍ ഇറാനില്‍ വീണ്ടും ബോംബിടുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിൽ ഇറാൻ വിജയിച്ചുവെന്ന ഇറാൻ പരമോന്ന നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ വാദത്തിനിടെയാണ് ട്രംപിന്റെ ഭീഷണി. ഖാംനഈയെ വളരെ 'വൃത്തികെട്ടതും നിന്ദ്യവുമായ' ഒരു മരണത്തിൽ നിന്ന് രക്ഷിച്ചത് ഞാനാണെന്നും ട്രംപ് അവകാശപ്പെട്ടു. യുദ്ധത്തില്‍ വിജയിച്ചെന്ന ഖാംനഈയുടെ അവകാശവാദം കള്ളമാണെന്നും ട്രംപ് പറഞ്ഞു.

''അയാളുടെ രാജ്യം നശിപ്പിക്കപ്പെട്ടു, അദ്ദേഹത്തിന്റെ മൂന്ന് ദുഷ്ട ആണവ കേന്ദ്രങ്ങൾ ഇല്ലാതാക്കി. അദ്ദേഹം എവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു, ഇസ്രായേലിനെയും ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ യുഎസ് സായുധ സേനയേയും അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല''- ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി.

ആണവപദ്ധതികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഇനിയും ഇറാനെ ആക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി ഇറാനിൽ പരിശോധനകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിനിടെ ഗസ്സയില്‍ ഒരാഴ്ചയ്ക്കുള്ളിൽ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് ട്രംപ് വ്യക്തമാക്കി. ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തല്‍.

Related Tags :
Similar Posts