
'ഭൂമിയിൽ നിന്ന് തുടച്ചുനീക്കും': ഇറാനെതിരെ ഭീഷണിയുമായി ട്രംപ്, യുദ്ധത്തിന് തയ്യാറെടുക്കാൻ ഇറാൻ
|സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ സൈനീക നീക്കങ്ങൾ സജീവമാക്കുകയാണ് അമേരിക്ക
വാഷിംഗ്‌ടൺ: ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്നെ വധിച്ചാല്‍ അമേരിക്ക ഇറാനെ 'തുടച്ചുനീക്കുമെന്ന്' ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. സമാധാനത്തിനും സംഘർഷത്തിനും ഇടയിലുള്ള ഇടനാഴിയിൽ കൂടിയാണ് ഇരു രാജ്യങ്ങളും സമീപ ദിവസങ്ങളിൽ കടന്നുപോകുന്നത്. തനിക്ക് നേരെയുള്ള വധശ്രമത്തിന് പിന്നിൽ ഇറാനാണെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ ഇല്ലാതാക്കാൻ തന്റെ ഉപദേഷ്ടാക്കൾക്ക് നിർദേശം നൽകിയതായി ട്രംപ് മുമ്പും പറഞ്ഞിരുന്നു.
ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് അലി ഖാംനഇ കുറ്റപ്പെടുത്തിയതിന് പിന്നാലെ ട്രംപ് അദ്ദേഹത്തെ രോഗിയെന്ന് വിളിച്ചു. ഇതിന് പ്രതികരണവുമായി ഇറാൻ സൈനിക ജനറൽ അബുഫസൽ ഷെകാർച്ചി രംഗത്ത് വന്നു. തങ്ങളുടെ നേതാവിന് നേരെ കൈനീട്ടിയാൽ ആ കൈവെട്ടുക മാത്രമല്ല ഒരു സുരക്ഷിത താവളവും അവശേഷിപ്പിക്കാതെ അവരുടെ ലോകം തന്നെ കത്തിക്കുമെന്ന് ഷെകാർച്ചി പറഞ്ഞു. പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി.
പണപ്പെരുപ്പം, കറൻസിയുടെ മൂല്യത്തകർച്ച, ജീവിതച്ചെലവ് വർധിച്ചത് എന്നിവ മുൻനിർത്തിയുള്ള ജനങ്ങളുടെ പ്രതിഷേധം ഇറാനിലെ ഭരണമാറ്റത്തിലേക്ക് അമേരിക്ക വഴിതിരിച്ചുവിടാൻ ശ്രമിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ആരംഭിച്ചത്. പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇറാൻ ഭരണകൂടം ആയിരക്കണക്കിന് ആളുകളെ വധിച്ചതായി അമേരിക്ക ആരോപിച്ചു. എന്നാൽ ഇരു ഭാഗത്തും നാശനഷ്ടങ്ങളുണ്ടായതായും രാജ്യത്തെ നിരവധി പൊതുസംവിധാനങ്ങൾ പ്രതിഷേധക്കാർ തകർത്തതായും ഇറാൻ പ്രതികരിച്ചു.
സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ സൈനീക നീക്കങ്ങൾ സജീവമാക്കുകയാണ് അമേരിക്ക. ദക്ഷിണ ചൈനാ കടലിലുണ്ടായിരുന്ന വിമാനവാഹിനിക്കപ്പൽ 'യുഎസ്എസ് എബ്രഹാം ലിങ്കൺ' മൂന്ന് ഡിസ്ട്രോയറുകൾക്കൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖലയെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നതെന്ന് സ്ഥിരീകരണമില്ലെങ്കിലും ദിവസങ്ങൾ മാത്രം ദൂരെയാണ് മേഖല.