
'അങ്ങനെ പറഞ്ഞോ, എന്നാൽ ഫ്രഞ്ച് വൈനുകൾക്ക് 200 ശതമാനം നികുതി': ബോർഡ് ഓഫ് പീസിൽ അംഗമാകില്ലെന്ന് പറഞ്ഞ മാക്രോണിനെതിരെ ട്രംപ്
|ബോർഡിൽ മാക്രോൺ ചേരില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി
വാഷിങ്ടണ്‍: ആഗോള സംഘർഷങ്ങൾ പരിഹരിക്കാനും ഗസ്സ പുനര്‍നിര്‍മാണവും ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 'സമാധാന ബോർഡ്' സംരംഭത്തിൽ ചേരാൻ വിസമ്മതിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ തീരുവ ഭീഷണിയുമായി യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഫ്രഞ്ച് വൈനിനും ഷാംപെയ്‌നും 200 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ബോർഡിൽ മാക്രോൺ ചേരില്ലെന്ന് പറഞ്ഞതിനെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. "അദ്ദേഹം അങ്ങനെ പറഞ്ഞോ? ശരി, ആർക്കും അദ്ദേഹത്തെ ഇപ്പോള്‍ വേണ്ട, കാരണം അദ്ദേഹത്തിന്റെ സ്ഥാനം ഉടന്‍ തന്നെ നഷ്ടപ്പെടും. അവന്റെ വൈനുകൾക്കും ഷാംപെയ്‌നുകൾക്കും ഞാൻ 200% തീരുവ ചുമത്തും, അപ്പോള്‍ അവൻ ചേരും, പക്ഷേ അവൻ ചേരേണ്ട ആവശ്യമില്ല''- ട്രംപ് പറഞ്ഞു.
സമാധാന ബോർഡ് സംരംഭത്തിൽ ചേരാനുള്ള ക്ഷണം നിരസിക്കാൻ ഈ ഘട്ടത്തിൽ ഫ്രാൻസ് ഉദ്ദേശിക്കുന്നുണ്ടെന്ന് മാക്രോണിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യമാണ് റിപ്പോര്‍ട്ടര്‍ ട്രംപിനോട് ഉന്നയിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സമാധാന ബോർഡ് സ്ഥാപിക്കാൻ ട്രംപ് നിർദേശിച്ചത്.
എന്നാൽ ആഗോളതലത്തിൽ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബോര്‍ഡിനെ ഇപ്പോള്‍ ട്രംപ് കാണുന്നത്. കഴിഞ്ഞയാഴ്ച ലോക നേതാക്കൾക്ക് അയച്ച ക്ഷണക്കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'ബോർഡ് ഓഫ് പീസ്' ഗസ്സയില്‍ സ്ഥിരം സമാധാനം കൊണ്ടുവരുന്നതിലും ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിനും പുതിയതും ധീരവുമായ സമീപനം സ്വീകരിക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. അതേസമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സമാധാന ബോർഡിൽ അംഗമാകാൻ ക്ഷണിച്ചതായും ട്രംപ് പറഞ്ഞു.