< Back
World
Trump- Pope Francis
World

ഫ്രാൻസിസ് മാര്‍പാപ്പയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ട്രംപ് വത്തിക്കാനിലേക്ക് പോകും

Web Desk
|
22 April 2025 11:34 AM IST

വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്

വാഷിംഗ്ടണ്‍: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കബറടക്ക ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വത്തിക്കാനിലേക്ക് പോകും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. തന്‍റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ ട്രംപ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പ്രഥമ വനിത മെലാനിയ ട്രംപും ഒപ്പമുണ്ടാകും.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിത്യശാന്തി നേരുന്നുവെന്നും ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്‌നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും ട്രംപ് നേരത്തെ അനുശോചന സന്ദേശത്തില്‍ പറഞ്ഞിരുന്നു. പോപ്പിന്‍റെ സംസ്കാര ദിവസം സൂര്യാസ്തമയം വരെ സർക്കാർ കെട്ടിടങ്ങൾ, സൈനിക പോസ്റ്റുകൾ, നാവിക കപ്പലുകൾ എന്നിവിടങ്ങളിലെ എല്ലാ യുഎസ് പതാകകളും പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടിരുന്നു.

അതേസമയം ട്രംപ് ഭരണകൂടത്തിന്‍റെ നയങ്ങളെ നിശിതമായി വിമർശിക്കുന്ന മുതിർന്ന കത്തോലിക്കാ സഭാ ഉദ്യോഗസ്ഥരെ കാണാൻ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ശനിയാഴ്ച വത്തിക്കാനിലേക്ക് പോയിരുന്നു. റോമിൽ പോപ്പിനെ സന്ദര്‍ശിച്ച വാൻസ് ആശംസകൾ അറിയിച്ചിരുന്നു. മാര്‍പാപ്പയുമായി അവസാനം കൂടിക്കാഴ്ച നടത്തിയ ലോകനേതാവാണ് ജെ.ഡി വാൻസ്.

2005-ൽ ജോൺ പോൾ രണ്ടാമന്‍റെ സംസ്കാരച്ചടങ്ങിൽ അന്നത്തെ പ്രസിഡന്‍റ് ജോർജ് ഡബ്ല്യു. ബുഷും ഭാര്യ ലോറയും പങ്കെടുത്തിരുന്നു. അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്, മുൻ പ്രസിഡന്‍റുമാരായ ബിൽ ക്ലിന്‍റൺ, ജോർജ് എച്ച്.ഡബ്ല്യു. ബുഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഫ്രാൻസിസിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ യുഎസ് പ്രതിനിധി സംഘത്തെയും ഈ ആഴ്ച അവസാനം പ്രഖ്യാപിച്ചേക്കും.

ട്രംപിന്‍റെ കുടിയേറ്റ നിയമങ്ങളെ നിശിതമായി വിമര്‍ശിക്കാറുള്ള വ്യക്തിയാണ് ഫ്രാൻസിസ് മാര്‍പാപ്പ. പാപ്പ അവസാനമായി അമേരിക്കൻ ബിഷപ്പുമാര്‍ക്ക് അയച്ച കത്തിലും ട്രംപ് ഭരണകൂടത്തിനെതിരായ അതൃപ്തി അറിയിച്ചിരുന്നു.

Similar Posts