
ട്രംപിനെ കാണാൻ മംദാനി: നിർണായക കൂടിക്കാഴ്ച വൈറ്റ്ഹൗസിൽ
|തെരഞ്ഞെടുപ്പിനിടെ നീണ്ടുനിന്ന വാഗ്വാദങ്ങൾക്ക് ശേഷമാണ് കൂടിക്കാഴ്ച
വാഷിങ്ടണ്‍: ന്യൂയോർക്ക് നിയുക്ത മേയർ സൊഹ്റാൻ മംദാനിയെ കാണാൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ന്(വെള്ളിയാഴ്ച) വൈറ്റ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച.
തെരഞ്ഞെടുപ്പിനിടെ നീണ്ടുനിന്ന വാഗ്വാദങ്ങൾക്ക് ശേഷമാണ് കൂടിക്കാഴ്ച. പൊതു സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങൾ ചർച്ചയാകുമെന്നാണ് മംദാനിയുടെ പ്രസ്താവന.
അതേസമയം ന്യൂയോര്‍ക്കിലെ ജനങ്ങളുടെ താങ്ങാനാവാത്ത ജീവിത ചെലവിന് പരിഹാരം കാണുമെന്ന വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മംദാനി വ്യക്തമാക്കിയിരുന്നു.
മേയർ തെരഞ്ഞെടുപ്പിന് മുമ്പ് മംദാനിയെ അതിരൂക്ഷമായി വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. മംദാനി വിജയിച്ചാൽ ന്യൂയോർക്ക് നഗരത്തിൻ്റെ സാമ്പത്തിക, സാമൂഹിക ദുരന്തമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ച ട്രംപിനെ തൻ്റെ വിജയ പ്രസംഗത്തിൽ മംദാനിയും വെല്ലുവിളിച്ചിരുന്നു.
ന്യൂയോർക്ക് കുടിയേറ്റക്കാരാൽ ശക്തിപ്പെടുത്തപ്പെടുമെന്നും, ഒരു കുടിയേറ്റക്കാരനാണ് നയിക്കാൻ പോകുന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വെല്ലുവിളി. ശബ്ദം കൂട്ടി കേള്‍ക്കൂവെന്നായിരുന്നു ട്രംപിന്റെ പേരെടുത്ത് മംദാനി പറഞ്ഞിരുന്നത്. എന്നാൽ ,മംദാനിയുടെ വിജയ പ്രസംഗത്തെ ദേഷ്യത്തോടെയുള്ള പ്രസംഗം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻ്റേത് മോശം തുടക്കമാണെന്നും വാഷിംഗ്ടണിനോട് ബഹുമാനമില്ലെങ്കിൽ വിജയിക്കാൻ ഒരു സാധ്യതയുമില്ലെന്നായിരുന്നു ട്രംപിൻ്റെ മറുപടി.