
ഇന്ത്യയുമായി വമ്പന്‍ വ്യാപാര കരാര്‍ ഉടനെന്ന് ട്രംപ്
|ചൈനയുമായുള്ള വ്യാപാര കരാര്‍ ഒപ്പിട്ടുവെന്നും ട്രംപ് അറിയിച്ചു
വാഷിംഗ്ടണ്‍: ഇന്ത്യയുമായി വ്യാപാര കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയുമായി വലിയ ഒരു കരാറില്‍ ഏര്‍പ്പെടുമെന്ന സൂചനയാണ് ട്രംപ് നല്‍കിയത്. ചൈനയുമായുള്ള വ്യാപാര കരാര്‍ ഒപ്പിട്ടുവെന്നും അദ്ദേഹം അറിയിച്ചു. ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
'എല്ലാവരും ഒരു കരാര്‍ ഉണ്ടാക്കാനും അതില്‍ പങ്കാളികളാകാനുമാണ് ആഗ്രഹിക്കുന്നത്. ഇന്നലെയാണ് ഞങ്ങള്‍ ചൈനയുമായി കരാര്‍ ഒപ്പുവെച്ചത്. ഞങ്ങള്‍ക്ക് വേറെയും ചില മികച്ച കരാറുകള്‍ ഉണ്ട്. വരാനിരിക്കുന്നത് ഒരുപക്ഷേ ഇന്ത്യയുമായായിരിക്കും. വളരെ വലിയ ഒന്നായിരിക്കുമത്,'' ട്രംപ് പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
എന്നാല്‍ മറ്റെല്ലാ രാജ്യങ്ങളുമായും ഇടപാട് നടത്തില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. ചിലര്‍ക്ക് കത്തയക്കാന്‍ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് ചില വലിയ ഡീലുകള്‍ ഉണ്ടെന്നും വരാനിരിക്കുന്ന വലിയ കരാര്‍ ഇന്ത്യയുമായിട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ചില കാര്യങ്ങളാണ് സംഭവിക്കുന്നത്. എല്ലാ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം വളരെ നല്ല രീതിയില്‍ പോകുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ചൈനയുമായി എന്ത് കരാറിലാണ് ഏര്‍പ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചൈനയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി വേഗത്തിലാക്കുന്നതിനുള്ള കരാറാണെന്ന് വൈറ്റ് ഹസ് അധികൃതര്‍ പിന്നീട് വ്യക്തമാക്കി. ചൈന ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലമുള്ള കാലതാമസം പരിഹരിക്കാനാണ് ധാരണ ലക്ഷ്യമിടുന്നത്.