
Photo | Getty Images
'നാല് ദിവസത്തിനുള്ളിൽ വെടിനിർത്തൽ പദ്ധതി അംഗീകരിക്കണം'; ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്
|'വെടിനിർത്തൽ പദ്ധതി അംഗീകരിച്ചില്ലെങ്കിൽ അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കും'
വാഷിംങ്ടൺ: വെടിനിർത്തൽ പദ്ധതി അംഗീകരിക്കാൻ ഹമാസിന് മൂന്ന് മുതൽ നാല് ദിവസം വരെ അനുവദിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. അംഗീകരിച്ചില്ലെങ്കിൽ ആവശ്യമായത് ഇസ്രായേൽ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
എല്ലാ അറബ് രാജ്യങ്ങളും ഒപ്പുവച്ചു. മുസ്‌ലിം രാജ്യങ്ങളെല്ലാം ഒപ്പുവച്ചു, ഇസ്രയേലും ഒപ്പുവച്ചു. ഞങ്ങൾ ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ. അങ്ങനെയല്ലെങ്കിൽ, അത് വളരെ ദുഃഖകരമായ ഒരു അന്ത്യമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഫലസ്തീൻ സമാധാന പദ്ധതിയെ സൗദി, യുഎഇ, ഖത്തർ, ജോർദാൻ, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങളാണ് സ്വാഗതം ചെയ്തത്. ഗസ്സ സൈനിക പിന്മാറ്റം, പുനർനിർമാണം, വെസ്റ്റ്ബാങ്ക് കയ്യേറില്ല തുടങ്ങിയ പ്രഖ്യാപനങ്ങളെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്തിട്ടുണ്ട്.
ഗസ്സയിലെ അധികാരം ഒഴിയാൻ ഒരുക്കമാണെന്ന് നേരത്തെ ഹമാസ് വ്യക്തമാക്കിയിരുന്നു. പക്ഷേ, ഫലസ്തീൻ രാഷ്ട്രത്തിലേക്ക് വഴിയൊരുങ്ങണമെന്നതായിരുന്നു ആവശ്യം. ഈ ആവശ്യം പല രാജ്യങ്ങളും അവഗണിച്ചതും, ഫലസ്തീൻ എന്ന രാഷ്ട്ര സ്വപ്നം ഇല്ലാതാകുന്ന സാഹചര്യത്തിലുമാണ് ഒക്ടോബർ ഏഴിലെ ആക്രമണം നടന്നത്.
ട്രംപിന്റെ പ്ലാനിൽ ഗസ്സയിൽ നിന്ന് ഹമാസ് നേതാക്കൾ പോകണമെന്നും നിരായുധീകരണത്തിന് സന്നദ്ധമാകണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ഹമാസിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ലോക രാജ്യങ്ങൾ. നിബന്ധനകളോടെ പ്ലാൻ ഹമാസ് സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.