< Back
World
Trump warns NATO, presses China to help reopen Strait of Hormuz
World

'ഹോര്‍മുസ് തുറക്കാന്‍ ഇടപെട്ടില്ലെങ്കില്‍ നാറ്റോയുടെ ഭാവി മോശമാകും'; മുന്നറിയിപ്പുമായി ട്രംപ്, സഹായിക്കണമെന്ന് ചൈനയോടും

ശരത് ലാൽ തയ്യിൽ
|
16 March 2026 5:54 PM IST

ഇടപെട്ടില്ലെങ്കില്‍ ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച വൈകിപ്പിക്കുമെന്നും ട്രംപ്

വാഷിങ്ടണ്‍ ഡിസി: ഹോര്‍മുസ് കടലിടുക്ക് തുറന്ന് എണ്ണ വിതരണം സുഗമമാക്കാന്‍ സഹായിച്ചില്ലെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയ്ക്ക് മോശം ഭാവിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയും ഇടപെടണമെന്നാവശ്യപ്പെട്ട ട്രംപ്, ഇല്ലെങ്കില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മുന്‍കൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച വൈകിപ്പിക്കുമെന്നും പറഞ്ഞു. 'ചൈനയിലേക്കുള്ള എണ്ണയുടെ 90 ശതമാനവും ഹോര്‍മുസിലൂടെയാണ്. അതിനാല്‍ ഹോര്‍മുസ് തുറക്കാന്‍ ചൈനക്കും സഹായിക്കാനാകും' -ട്രംപ് ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞു.

ചൈനയുമായുള്ള വ്യാപാരക്കരാറുകളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റും ചൈനീസ് വൈസ് പ്രസിഡന്റ് ഹി ലിഫെങ്ങും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ബെയ്ജിങ്ങില്‍ മാര്‍ച്ച് അവസാനം ട്രംപു ഷി ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഹോര്‍മുസ് തുറക്കാന്‍ ഇടപെട്ടില്ലെങ്കില്‍ ഈ കൂടിക്കാഴ്ച നടക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്.

ഏത് തരത്തിലുള്ള സഹായമാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, കടലിലെ മൈനുകളെ നിര്‍വീര്യമാക്കാനും ഡ്രോണുകളെ നേരിടാനുമുള്ള സൈനിക സഹായമാണ് വേണ്ടതെന്നാണ് ട്രംപ് പ്രതികരിച്ചത്. 'ഇറാനെ ഞങ്ങള്‍ ആക്രമിച്ച് തകര്‍ത്തുകഴിഞ്ഞു. അവര്‍ക്ക് ഇനിയൊന്നും ബാക്കിയില്ല. ഹോര്‍മുസില്‍ ചെറിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമേ കഴിയൂ' -ട്രംപ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തിന്റെ ഗുണം അനുഭവിക്കുന്ന രാജ്യങ്ങള്‍ സൈനികമായി രംഗത്തിറങ്ങണമെന്നാണ് ട്രംപിന്റെ ആവശ്യം.

ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ തുടങ്ങിയവരും മറ്റുള്ള രാജ്യങ്ങളും ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, ഇതിനോട് രാജ്യങ്ങളൊന്നും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിലൂടെ തുടങ്ങിയ യുദ്ധം 17ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് ഹോര്‍മുസിന്റെ പേരില്‍ കൂടുതല്‍ രാഷ്ട്രങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനുള്ള ട്രംപിന്റെ നീക്കം. കഴിഞ്ഞ ദിവസം എണ്ണ വ്യാപാരത്തില്‍ ഇറാന് ഏറെ നിര്‍ണായകമായ ഖാര്‍ഗ് ദ്വീപില്‍ യുഎസ് ആക്രമണം നടത്തിയിരുന്നു. ഇറാന്റെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഖാര്‍ഗ് ദ്വീപിലാണ്. അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Similar Posts