
'ഇലോണ്‍ മസ്ക് വംശീയവാദിയും ദുഷ്ടനും'; വിമര്‍ശനവുമായി ട്രംപിന്‍റെ മുന്‍ ഉപദേശകന്‍ സ്റ്റീഫന്‍ കെ.ബാനന്‍
|ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റീഫന്‍ മസ്കിനെതിരെ വിമര്‍ശനമുന്നയിച്ചത്
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഏറ്റവും പുതിയ ഇഷ്ടക്കാരനായി മാറിയ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെതിരെ ആഞ്ഞടിച്ച് ട്രംപിന്‍റെ മുന്‍ ഉപദേശകന്‍ സ്റ്റീഫന്‍ കെ.ബാനന്‍. മസ്ക് ഒരു ദുഷ്ടനും വംശീയവാദിയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ട്രംപിന്‍റെ ആദ്യ ഭരണകാലത്ത് അദ്ദേഹത്തിന്‍റെ വിശ്വസ്തനായിരുന്ന ബാനന്‍ മസ്‌കിനെ വൈറ്റ് ഹൗസില്‍ നിന്നും താഴെയിറക്കുമെന്നും പ്രതിജ്ഞയെടുത്തു.
ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്റ്റീഫന്‍ മസ്കിനെതിരെ വിമര്‍ശനമുന്നയിച്ചത്. കുടിയേറ്റ നയങ്ങളോടുള്ള മസ്‌കിൻ്റെ സമീപനത്തെ ബാനൻ വിമർശിക്കുകയും വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക പരിഗണന ലഭിക്കില്ലെന്നും വ്യക്തമാക്കി. ''വൈറ്റ് ഹൗസിലേക്ക് പൂർണ പ്രവേശനമുള്ള നീല പാസ് അദ്ദേഹത്തിന് ഉണ്ടായിരിക്കില്ല. അദ്ദേഹം എല്ലാവരേയും പോലെ ആയിരിക്കും. ” ബാനന്‍ കൂട്ടിച്ചേര്‍ത്തു.
"അവൻ ശരിക്കും ഒരു ദുഷ്ടനാണ്, വളരെ മോശമായ വ്യക്തി. അദ്ദേഹത്തെ താഴെയിറക്കുക എന്നത് ഞാൻ എൻ്റെ വ്യക്തിപരമായ കാര്യമാണ്. മുമ്പ് അദ്ദേഹം പ്രചാരണത്തില്‍ പണം നിക്ഷേപിച്ചതിനാൽ, അത് സഹിക്കാൻ ഞാൻ തയ്യാറായിരുന്നു, ഇനി സഹിക്കില്ല ” മുന്‍ ഉപദേശകന്‍ പറഞ്ഞു.
2016 ലെ ട്രംപിൻ്റെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ പ്രധാന ശില്പിയായിരുന്നു ബാനൻ, വൈറ്റ് ഹൗസിലെ തൻ്റെ ആദ്യ ടേമിൽ മുഖ്യ തന്ത്രജ്ഞനായി കുറച്ചുകാലം സേവനമനുഷ്ഠിച്ചിരുന്നു. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ പണിയെടുത്ത വലതുപക്ഷക്കാരുടെ ചാനലായ ബ്രെയ്വാർറ്റ് ന്യൂസിന്‍റെ മേധാവിയായിരുന്ന ബാനൻ എഡിറ്റർ സ്ഥാനത്തുനിന്ന് ഇറങ്ങിയാണ് ട്രംപിന്‍റെ സംഘത്തിലെത്തിയത്.മുസ്ലിം രാജ്യങ്ങൾക്ക് യാത്രാ വിലക്കേർപ്പെടുത്തിയത് ഉൾപ്പെടെ ഡോണള്‍ഡ് ട്രംപിന്‍റെ പല വിവാദ തീരുമാനങ്ങൾക്ക് പിന്നിലെയും ബുദ്ധി സ്റ്റീവ് ബാനന്‍റേതായിരുന്നുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. പിന്നീട് സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിൻ്റെ ഏറ്റവും വലിയ ചിയർ ലീഡർമാരിൽ ഒരാളായി മാറിയ മസ്‌ക്, പ്രചാരണത്തിനായി ഏകദേശം 270 മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയും മസ്കിന് നല്‍കിയിട്ടുണ്ട്. ഇന്ത്യൻ വംശജന്‍ വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്. ഇരുവരും ചേര്‍ന്നാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുക. 'ഡോഗ്' എന്നാണ് വകുപ്പിന്‍റെ ചുരുക്കപ്പേര്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ മസ്കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസ്കിനെ 'സൂപ്പർ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നന്ദിപറയുകയും ചെയ്തിരുന്നു.