< Back
World
കാലിഫോർണിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
World

കാലിഫോർണിയ ഭൂചലനം; സുനാമി മുന്നറിയിപ്പ് പിൻവലിച്ചു

Web Desk
|
6 Dec 2024 9:54 AM IST

ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല

കാലിഫോർണിയ: അമേരിക്കയിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്ന് ഹൊണോലുലുവിലെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം മുന്നറിയിപ്പ് പിൻവലിച്ചു. അമേരിക്കയിലെ കാലിഫോർണിയ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. കാലിഫോർണിയ, ഒറിഗോൺ തീരപ്രദേശങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ്.

ഒറിഗോൺ അതിർത്തിക്കടുത്തുള്ള തീരദേശ ഹംബോൾട്ട് കൗണ്ടിയിലെ ഒരു ചെറിയ നഗരമായ ഫേൺഡെയിൽ പ്രാദേശിക സമയം രാവിലെ 10:44ന് ആയിരുന്നു റിക്ടർ സ്കെയിലിൽ 7.0 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയത്. ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന തീരങ്ങളിൽ അപകടകരമായ സുനാമിക്ക് സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ വിഭാ​ഗം അറിയിച്ചത്. തീരപ്രദേശത്തിന് സമീപമുള്ളവർ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

പെട്രോളിയ, സ്കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

'ശക്തമായ തിരമാലകൾ നിങ്ങളുടെ സമീപ തീരങ്ങളെ ബാധിച്ചേക്കാം. തീരദേശ ജലാശയങ്ങളിൽ നിന്ന് മാറിനിൽക്കുക. ഉയർന്ന പ്രദേശങ്ങളിലേക്കോ ഉൾനാടുകളിലേക്കോ നീങ്ങുക. മടങ്ങിയെത്താൻ പ്രാദേശിക ഉദ്യോഗസ്ഥർ നിർദേശിക്കുന്നതു വരെ തീരത്തു നിന്ന് അകന്നു നിൽക്കുക' എന്നായിരുന്നു മുന്നറിയിപ്പ്.

സുനാമി മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പരിഭ്രാന്തരായ ജനം സുരക്ഷിതമായ സ്ഥലങ്ങൾ തേടി പാലായനം തുടങ്ങിയിരുന്നു. പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് പിൻവലിച്ച അറിയിപ്പുകൾ വന്നത്. 5.3 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അറിയിച്ച സുനാമി പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.

Similar Posts