< Back
World
Rumeysa Ozturk
World

ഫലസ്​തീൻ അനുകൂല പ്രവർത്തനം: യുഎസിൽ തുർക്കി ഗവേഷക​ വിദ്യാർഥി കസ്​റ്റഡിയിൽ

Web Desk
|
27 March 2025 9:10 AM IST

പ്രതിഷേധവുമായി മസാച്യുസെറ്റ്സിൽ നൂറുകണക്കിന്​ പേർ തെരുവിലിറങ്ങി

വാഷിങ്​ടൺ: ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങളുടെ പേരിൽ യുഎസ്​ ഫെഡറൽ ഇമിഗ്രേഷൻ അധികൃതർ തുർക്കിയിൽനിന്നുള്ള ഗവേഷക വിദ്യാർഥിനി റുമൈസ ഓസ്‌ടർക്കിനെ കസ്റ്റഡിയിലെടുത്തു. ബോസ്റ്റണിന്റെ പ്രാന്തപ്രദേശത്തുള്ള മസാച്യുസെറ്റ്സിലെ സോമർവില്ലെയിലുള്ള വീട്ടിൽനിന്ന് സുഹൃത്തുക്കളോടൊപ്പം നോമ്പ് തുറക്കാൻ പോകുമ്പോഴാണ് മുപ്പതുകാരിയായ റുമൈസയെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. സർക്കാരിന്റെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) വിവരപ്രകാരം സൗത്ത് ലൂസിയാനയിലെ ഐസിഇ പ്രോസസ്സിങ്​ സെന്ററിലാണ് നിലവിൽ​ ഇവരുള്ളത്​. റുമൈസയുടെ വിദ്യാർഥി വിസ അധികൃതർ റദ്ദാക്കിയതായി റോയി​ട്ടേഴ്​സ്​ റിപ്പോർട്ട്​ ചെയ്യുന്നു.

ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ പിഎച്ച്ഡി വിദ്യാർഥിനിയായ റു​മൈസയെ സൗത്ത്​ ലൂസിയാനയിലേക്ക്​ മാറ്റിയത്​ ഫെഡറൽ കോടതി ഉത്തരവിന്റെ ലംഘനമാണ്​. മസാച്യുസെറ്റ്സിൽനിന്ന് കൊണ്ടുപോകുന്നതിന്റെ 48 മണിക്കൂർ മുമ്പ് കോടതിക്ക് നോട്ടീസ് നൽകണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്കും (ഡിഎച്ച്എസ്) ഐസിഇക്കും നിർദേശം നൽകിയിരുന്നു.

വിദ്യാർഥിയെ ലൂസിയാനയിലേക്ക്​ മാറ്റിയ വിവരം പുറത്തുവന്നതോടെ വ്യാഴാഴ്ച രാവിലെ ഒമ്പത്​ മണിക്ക്​ മുമ്പ് ഇവരെ ഹാജരാക്കണമെന്ന അടിയന്തര ഹരജിയിൽ ബുധനാഴ്ച കോടതിയിൽ മറുപടി നൽകാൻ ഫെഡറൽ ജഡ്ജി ഡിഎച്ച്എസിനോടും ഐസിഇനോടും ഉത്തരവിട്ടിട്ടുണ്ട്​. റുമൈസയെ ഉദ്യോഗസ്​ഥർ തടഞ്ഞുനിർത്തി കസ്​റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. മുഖം മറച്ചാണ്​ ഉദ്യോഗസ്​ഥരെത്തിയത്​.

കുറ്റകൃത്യങ്ങളില്‍ പ്രതികളല്ലെങ്കിലും കാമ്പസിലെ ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാർഥികളെ അമേരിക്കയിൽ അറസ്​റ്റ്​ ചെയ്​തുകൊണ്ടിരിക്കുകയാണ്​. ഇതിൽ ഒടുവിലത്തേതാണ്​ റുമൈസിന്റെ കസ്​റ്റഡി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട്​​ സർവകലാശാലയ്ക്ക് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്നും ഫെഡറൽ അധികാരികളുമായി വിവരം പങ്കിട്ടിട്ടില്ലെന്നും ടഫ്റ്റ്സ് യൂനിവേഴ്സിറ്റി പ്രസിഡന്റ് സുനിൽ കുമാർ അറിയിച്ചു. ഫുൾബ്രൈറ്റ് സ്​കോളറായ റുമൈസ യൂണിവേഴ്‌സിറ്റിയിൽ ഫിലോസഫിയിലാണ്​​ ഡോക്ടറേറ്റ് നേടുന്നത്​.

ടഫ്റ്റ്‌സിലെ ഫലസ്തീൻ അനുകൂല പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇവർ. ഗസ്സക്കും ഫലസ്തീനികൾക്കുമെതിരായ ഇസ്രായേൽ ആക്രമണങ്ങളോടുള്ള സർവകലാശാലയുടെ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് അവർ ടഫ്റ്റ്സ് വിദ്യാർഥി പത്രത്തിൽ ലേഖനം എഴുതിയിരുന്നു. റുമൈസയെ കസ്​റ്റഡിയിൽ എടുത്തതിനെതിരെ​ മസാച്യുസെറ്റ്സിൽ നൂറുകണക്കിന്​ പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി.

Similar Posts