World
ഗസ്സക്ക് വേണ്ടി പ്രതികരിച്ചതിന് ട്രംപ് ഭരണകൂടം അറസ്റ്റ്‌ചെയ്ത റുമൈസയെ വിട്ടയച്ചു
World

ഗസ്സക്ക് വേണ്ടി പ്രതികരിച്ചതിന് ട്രംപ് ഭരണകൂടം അറസ്റ്റ്‌ചെയ്ത റുമൈസയെ വിട്ടയച്ചു

Web Desk
|
10 May 2025 5:30 PM IST

ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ലൂസിയാനയിലെ ജയിലില്‍ നിന്നും തുര്‍ക്കി വംശജയായ റുമൈസ പുറത്തിറങ്ങുന്നത്.

ന്യൂയോര്‍ക്ക്: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി റുമൈസ ഓസ്ടര്‍ക്ക ജയില്‍ മോചിതയായി. ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ലൂസിയാനയിലെ ജയിലില്‍ നിന്നും തുര്‍ക്കി വംശജയായ റുമൈസ പുറത്തിറങ്ങുന്നത്.

വെർമോണ്ടിലെ യുഎസ് ജില്ലാ ജഡ്ജിയാണ് റുമൈസയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. '' എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി''- മോചിതയായതിന് ശേഷം റുമൈസ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിലാണ് മസാച്യുസെറ്റ്സില്‍ നിന്നും യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്.

ഗസ്സക്ക് വേണ്ടി നിരന്തരം ശബ്ദിക്കുന്ന വിദ്യാർഥിയാണ് റുമൈസ.യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വർഷ ഡോക്ടറൽ വിദ്യാർഥിനിയായ റുമൈസ ഒസ്തുർക്കിനെ കഴിഞ്ഞ മാസമാണ് യുഎസ് ഇമിഗ്രേഷൻ ഓഫീസർമാർ കസ്റ്റഡിയിലെടുത്തത്. ഫലസ്തീനിൽ വംശഹത്യ നടത്തുന്ന ഇസ്രായേലുമായുള്ള അക്കാദമിക ബന്ധങ്ങൾ വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് റുമൈസ അടക്കമുള്ള വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി പോർട്ടലിൽ എഴുതിയ ഓപ് എഡ് ലേഖനമാണ് നടപടിക്കു കാരണമായത്. സുഹൃത്തുക്കളെ കാണാനും നോമ്പുതുറക്കാനുമായി വീട്ടിൽ നിന്ന് ഇറങ്ങിയ റുമൈസയെ ഉദ്യോഗസ്ഥർ പിടികൂടുകയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

ഹമാസ് അനുകൂല പ്രവർത്തനങ്ങളിൽ റുമൈസ ഏർപ്പെടുന്നുണ്ടെന്നാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിക്കുന്നത്. ഫലസ്തീനികളെ പിന്തുണച്ചതിന്റെ പേരില്‍ നിരവധി വിദ്യാർത്ഥികളെ ട്രംപ് ഭരണകൂടം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥി മൊഹ്‌സെൻ മഹ്ദവിയെ കഴിഞ്ഞ ആഴ്ച മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

Similar Posts