
അഭിജിത്ത്, അജീഷ് Photo: MediaOne
ദൈവത്തിന്റെ കരങ്ങൾ...വിമാനയാത്രയിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തി രണ്ട് മലയാളി നഴ്സുമാർ
|കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിലാണ് നഴ്സുമാർ തൃശൂർ സ്വദേശിയുടെ ജീവൻ രക്ഷിച്ചത്
അബൂദബി: വിമാനയാത്രയിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തി രണ്ട് മലയാളി നഴ്സുമാർ. കഴിഞ്ഞദിവസം കൊച്ചിയിൽ നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിലാണ് നഴ്സുമാർ തൃശൂർ സ്വദേശിയുടെ ജീവൻ രക്ഷിച്ചത്.
യു.എ.ഇയിൽ പുതിയ ജോലിയിൽ പ്രവേശിക്കാനായി ജീവിതത്തിലെ ആദ്യ വിമാനയാത്രയിലായിരുന്നു നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്തും ചെങ്ങന്നൂരുകാരൻ അജീഷുമാണ് സഹയാത്രികനെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചത്. പുലർച്ചെ അഞ്ചരക്ക് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. ഏതാണ്ട് 35,000 അടി ഉയരത്തിൽ വിമാനമെത്തിയപ്പോഴാണ് പിറകിലെ സീറ്റിൽ നിന്ന് യാത്രക്കാരിലൊരാൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ശബ്ദം അഭിജിത്ത് കേട്ടത്. കുറച്ച് സീറ്റുകൾക്ക് അകലെയായിരുന്ന അജീഷും ബഹളംകേട്ട് ഓടിയെത്തി. യാത്രക്കാരിലൊരാളായ ഡോ.ആരിഫ് അബ്ദുൽ ഖാദറും സഹായത്തിനായി മുന്നോട്ടുവന്നു. നഴ്സുമാരോടൊപ്പം അദ്ദേഹം രോഗിയെ പരിചരിച്ചു. ഐവി ഫ്ലൂയിഡുകൾ നൽകി, വിമാനത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റി യാത്രയിലുടനീളം രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചു. വിമാനം അബൂദബിയിലിറങ്ങിയപ്പോൾ രോഗിയെ മെഡിക്കൽ സംഘത്തിന് കൈമാറുകയും ചെയ്തു.
ഓൺസൈറ്റ് മെഡിക്കൽ സേവനം നൽകുന്ന റെസ്‌പോൺസ് പ്ലസ് മെഡിക്കലിൽ ജോലിക്ക് ചേരാനാണ് നഴ്സുമാർ ഇരുവരും നാട്ടിൽ നിന്ന് പുറപ്പെട്ടത്. പുതിയ സ്ഥാപനത്തിലേക്ക് പ്രവേശിക്കാനിരിക്കുമ്പോഴും വിമാനത്തിൽ തങ്ങളൊരു ദൗത്യം നിർവഹിച്ച വിവരം ഇവർ ആരോടും പറഞ്ഞിരുന്നില്ല. ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ബ്രിന്റ് ആന്റോ എന്ന സഹയാത്രികനാണ് ഇവരുടെ സേവനം പുറത്തറിയിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മാനേജ്മെന്റ് അടിയന്തരഘട്ടത്തിലെ ഇവരുടെ പ്രൊഫഷണലിസത്തിനും സമചിത്തതക്കും സർട്ടിഫിക്കറ്റ് നൽകി ഇരുവരെയും ആദരിച്ചു.