< Back
World
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്‍: ഏഴ് പേര്‍ കൊല്ലപ്പെട്ടു
World

കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്‍: ഏഴ് പേര്‍ കൊല്ലപ്പെട്ടു

Web Desk
|
16 Aug 2021 8:12 PM IST

ഇന്ന് രാവിലെ യുഎസ് വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു

താലിബാൻ ഭരണം പിടിച്ചതിന് പിന്നാലെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്‍. ഏഴ് പേര്‍ കൊല്ലപ്പെട്ടു. യുഎസ് സൈനികരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇന്ന് രാവിലെ യുഎസ് വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു.

അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടിറേസ് ആവശ്യപ്പെട്ടു. അഫ്ഗാന്‍ കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികള്‍ രാജ്യങ്ങള്‍ നിര്‍ത്തിവെക്കണമെന്നും ഗുട്ടിറേസ് പറഞ്ഞു. അഫ്ഗാന്‍ പ്രശ്നം ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതി ചേരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ അരാജകത്വമെന്ന് കൌണ്‍സിലിലെ അഫ്ഗാന്‍ അംബാസഡര്‍ പറഞ്ഞു.

കാബൂളിലെ പ്രസിഡന്‍റിന്‍റെ കൊട്ടാരം കീഴടക്കി കൊടി നാട്ടിയതോടെയാണ് അഫ്ഗാനിസ്താൻ സമ്പൂർണമായി താലിബാന്‍റെ നിയന്ത്രണത്തിലായത്. പുറത്തേക്ക് രക്ഷപ്പെടാൻ താത്പര്യമുള്ളവരെല്ലാം ഒഴുകിയെത്തുന്നതോടെ കാബൂൾ വിമാനത്താവളത്തില്‍ സംഘർഷാവസ്ഥയാണ്. അമേരിക്കയും മറ്റു പാശ്ചാത്യൻ രാജ്യങ്ങളും വേഗത്തിൽ അവരുടെ എംബസി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. അമേരിക്കയെ സഹായിച്ച അഫ്ഗാൻ പൗരന്മാരെ കൂടി സംരക്ഷിക്കുമെന്ന് അമേരിക്ക വാഗ്ദാനം നൽകിയിരുന്നു. അവരെല്ലാം കാബൂൾ വിമാനത്താവളത്തിൽ എത്തിയതോടെ വലിയ തിക്കുംതിരക്കുമായി. കാര്യങ്ങൾ നിയന്ത്രിക്കാൻ യു.എസ് സേന ആകാശത്തേക്ക് വെടിവെച്ചു. ഈ സംഘർഷത്തിലാണ് രാവിലെ അഞ്ചു പേർ മരിച്ചത്.

യുദ്ധം അവസാനിച്ചെന്നും പൊതുജനം സുരക്ഷിതരായിരിക്കും എന്നുമാണ് താലിബാൻ നേതാവ് മുല്ലാ ബരാദറിന്‍റെ പ്രഖ്യാപനം. മുല്ലാ ബരാദറാകും അഫ്ഗാനിസ്താന്‍റെ അടുത്ത ഭരണത്തലവൻ എന്നാണ് സൂചന.

Similar Posts