< Back
World
UK Deputy Prime Minister Dominic Raab quits after bullying investigation
World

കീഴ് ജീവനക്കാരോട്‌ മോശം പെരുമാറ്റം: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജി വച്ചു

Web Desk
|
21 April 2023 5:47 PM IST

ജസ്റ്റിസ് സെക്രട്ടറി കൂടിയായ റാബ്, വിദേശകാര്യ മന്ത്രിയായും ബ്രെക്‌സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു

ലണ്ടൻ: കീഴ്ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് രാജി വച്ച് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്. പരാതികളിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റാബിനെതിരെ വ്യാപക പരാതികൾ പ്രധാനമന്ത്രി ഋഷി സുനകിന് ലഭിച്ചതായാണ് റിപ്പോർട്ട്.

ജസ്റ്റിസ് സെക്രട്ടറി കൂടിയായ റാബ്, വിദേശകാര്യ മന്ത്രിയായും ബ്രെക്‌സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലത്താണ് ഇയാൾക്കെതിരെ പരാതിയുമുയർന്നത്. ജീവനക്കാർക്ക് നേരെ റാബ് അകാരണമായി ചൂടാവുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.

പരാതിയിന്മേൽ അന്വേഷണ റിപ്പോർട്ട് ഇന്നലെ വൈകിട്ട് പ്രധാനമന്ത്രിക്ക് ലഭിക്കുകയും റാബ് രാജി പ്രഖ്യാപിക്കുകയുമായിരുന്നു. ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും അന്വേഷണത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ രാജി വയ്ക്കുമെന്നായിരുന്നു റാബിന്റെ പ്രഖ്യാപനം. ആറ് മാസത്തിനിടെ സുനക് മന്ത്രിസഭയിൽ നിന്ന് മോശം പെരുമാറ്റത്തിന്റെ പേരിൽ രാജി വയ്ക്കുന്ന മൂന്നാമത്തെ ആളാണ് റാബ്.

റാബിന്റെ രാജി അങ്ങേയറ്റം വേദനാജനകമാണെന്നും എന്നാൽ കൃത്യനിർവഹണത്തിൽ ഉന്നത നിലവാരം പുലർത്തേണ്ടത് മന്ത്രിമാരുടെ ഉത്തരവാദിത്തമായതിനാൽ രാജി അനിവാര്യമാണെന്നും സുനക് റാബിനയച്ച കത്തിൽ വ്യക്തമാക്കി.

Similar Posts