< Back
World
ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി? ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം
World

ആരാകും ബ്രിട്ടീഷ് പ്രധാനമന്ത്രി? ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം

Web Desk
|
5 Sept 2022 9:20 AM IST

ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് തെരഞ്ഞെടുപ്പ് ഫലം അറിയുക

ലണ്ടന്‍: ബ്രിട്ടനിലെ പ്രധാനമന്ത്രിയെ ഇന്നറിയാം, ഇന്ത്യൻ വംശജനായ റിഷി സുനകും ബ്രിട്ടനിലെ മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം വൈകിട്ട് അഞ്ച് മണിക്കാണ് തെരഞ്ഞെടുപ്പ് ഫലം അറിയുക.

ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനും പാര്‍ലമെന്‍റ് അംഗവുമായ ഋഷി സുനക് പിന്തുണച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തി. മിക്ക സര്‍വേകളും എതിരാളിയായ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് വിജയിയാകുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഋഷിയാകട്ടെ തികഞ്ഞ ശുഭാപ്തിവിശ്വാസത്തിലാണ്. 'വോട്ടിങ് ഇപ്പോള്‍ അവസാനിച്ചു. എന്‍റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പ്രചാരണ ടീമിനും എന്നെ കാണാനും പിന്തുണ നല്‍കാനും വന്ന എല്ലാവര്‍ക്കും നന്ദി. തിങ്കളാഴ്ച കാണാം' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഒരു മാസത്തോളമായി നീണ്ടു നിന്ന ഓണ്‍ലൈന്‍, പോസ്റ്റല്‍ വോട്ടെടുപ്പില്‍ 1.60 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:30ന് വിജയിയെ പ്രഖ്യാപിക്കും. സെന്‍ട്രല്‍ ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റിന് സമീപമുള്ള ക്വീന്‍ എലിസബത്ത് കോണ്‍ഫറന്‍സ് സെന്‍ററില്‍ ഫലം പ്രഖ്യാപിച്ചതിന് ശേഷം, പുതിയ പ്രധാനമന്ത്രി ഹ്രസ്വ പ്രസംഗം നടത്തും. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചൊവ്വാഴ്ച വിടവാങ്ങല്‍ പ്രസംഗം നടത്തും. പ്രധാന കാബിനറ്റ് പദവികള്‍ ബുധനാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിക്കും.

കോവിഡ് നിയമ ലംഘന ആഘോഷ പാര്‍ട്ടികളുടെയും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ അറുപതോളം മുതിര്‍ന്ന മന്ത്രിമാരാണ് ജൂലൈയില്‍ ബോറിസ് ജോണ്‍സണ്‍ ക്യാബിനറ്റില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് നീണ്ട സമ്മര്‍ദ്ദത്തിനൊടുവിലാണ് ബോറിസ് ജോണ്‍സണ്‍ രാജി വച്ചത്.

Similar Posts