< Back
World
UK police accused of being heavy-handed at protest against BBC coverage on Gaza
World

​ഗസ്സയെക്കുറിച്ചുള്ള ബിബിസി വാര്‍ത്ത: പ്രതിഷേധക്കാർക്ക് നേരെ യുകെ പൊലീസ് അതിക്രമം; അറസ്റ്റ്

Web Desk
|
17 April 2025 5:39 PM IST

ജനുവരിയില്‍ നടന്ന ഫലസ്തീൻ അനുകൂല മാര്‍ച്ചിനു ശേഷം ബിബിസിക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

ലണ്ടന്‍: ​ഗസ്സയിലെ ഇസ്രായേൽ വംശഹത്യയെ കുറിച്ചുള്ള ബിബിസി‌ വാര്‍ത്തകള്‍ക്കെതിരെ ബിബിസി ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചവർക്കു നേരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിന്റെ അതിക്രമം. പ്രതിഷേധക്കാരെ തല്ലിച്ചതച്ച പൊലീസ്, മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് വളരെ അക്രമാസക്തരായിരുന്നുവെന്നും ഇത്രയും ക്രൂരമായി പ്രതിഷേധക്കാരോട് പെരുമാറുന്നത് ഇതാദ്യമായിട്ടായിരിക്കുമെന്നും യുകെ ഹിന്ദു ഹ്യൂമന്‍ റൈറ്റ് ഡയറക്ടര്‍ രാജീവ് സിന്‍ഹ കുറ്റപ്പെടുത്തി.

പൊലീസ് വളരെ ക്രൂരമായാണ് പെരുമാറിയതെന്ന് യൂത്ത് ഡിമാൻഡ് വക്താവും പ്രതികരിച്ചു. 'അതിക്രൂരമായ രീതിയിലാണ് പ്രതിഷേധക്കാരെ പൊലീസ് നേരിട്ടത്. ​ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ സംയുക്ത പ്രതിഷേധത്തിനാണ് ഞങ്ങൾ ഒത്തുകൂടിയത്'- അദ്ദേഹം വ്യക്തമാക്കി.

ജനുവരിയില്‍ നടന്ന ഫലസ്തീൻ അനുകൂല മാര്‍ച്ചിനു ശേഷം ബിബിസിക്കു മുന്നില്‍ പ്രതിഷേധങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചെന്നാരോപിച്ച് പൊലീസ് ഉദ്യോ​ഗസ്ഥർ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേർക്ക് സമൻസ് അയയ്ക്കുകയും ചെയ്തു.

പൊതുസമാധാനം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത രണ്ടു പേരില്‍ ഒരാളെ പിന്നീട് വിട്ടയച്ചിരുന്നു. അതേസമയം, പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് തല്ലുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.


Similar Posts