< Back
World
റഷ്യന്‍ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ ആക്രമണം; നാല്‍പ്പതോളം യുദ്ധവിമാനങ്ങള്‍ തകര്‍ത്തു
World

റഷ്യന്‍ വ്യോമതാവളങ്ങളില്‍ യുക്രൈന്‍ ആക്രമണം; നാല്‍പ്പതോളം യുദ്ധവിമാനങ്ങള്‍ തകര്‍ത്തു

Web Desk
|
2 Jun 2025 7:52 AM IST

ഒരേ സമയം നാല് കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്

മോസ്കോ: റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം. ഒരേ സമയം നാല് കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. നാൽപ്പതോളം യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ അവകാശവാദം ഉന്നയിച്ചു. ആക്രമണം റഷ്യ സ്ഥിരീകരിച്ചു.

ഇസ്താംബൂളിൽ രണ്ടാം റൗണ്ട് സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുക്രൈന്റെ കനത്ത ആക്രമണം. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അടിയന്തരയോഗം വിളിച്ചു. ആക്രമണം നടത്താന്‍ യുക്രൈന്‍ മാസങ്ങളോളം ആസൂത്രണം നടത്തിയതായും പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയാണ് ഇതിന്റെ മേല്‍നോട്ടം വഹിച്ചതെന്നും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സെക്യൂരിറ്റി സര്‍വീസ് ഓഫ് യുക്രൈന്‍ (എസ്ബിയു) ആണ് റഷ്യന്‍ വ്യോമതാവളത്തിലേക്ക് ആക്രമണം നടത്തിയത്. യുക്രൈനിലെ വാര്‍ത്താ ഏജന്‍സിയായ ആര്‍ബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 18 മാസത്തോളം എസ്ബിയു ഈ ഓപ്പറേഷനുമായി ബന്ധപ്പെട്ട ആസൂത്രണം നടത്തിയത്.

യുക്രൈനിലേക്ക് ദീര്‍ഘദൂര മിസൈലുകള്‍ തൊടുക്കാന്‍ വിന്യസിച്ചിട്ടുള്ള ടിയു 95, ടിയു 22 സ്ട്രാറ്റെജിക് ബോംബറുകളടക്കം ആക്രമിച്ചതായാണ് യുക്രൈന്‍ സുരക്ഷാ ഏജൻസികളുടെ അവകാശവാദം.

യുക്രൈൻ അതിർത്തിക്ക്‌ 4000 കിലോമീറ്റർ അകലെ കിഴക്കൻ സൈബീരിയയിലെ ഇർകുട്സ്ക് മേഖലയിലുള്ള ബെലായ, ഒലെന്യ വ്യോമതാവളങ്ങളടക്കം യുക്രെയ്ൻ ആക്രമിച്ചെന്നാണ് റിപ്പോർട്ട്. റഷ്യക്കുനേരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണങ്ങളിലൊന്നാണിത്.

Similar Posts