< Back
World
റഷ്യയുടെ 40 ലധികം വിമാനങ്ങൾ തകർത്തതായി യുക്രൈൻ; ഇസ്താംബൂളിൽ സമാധാന ചർച്ച നടക്കാനിരിക്കെയാണ് ആക്രമണം
World

റഷ്യയുടെ 40 ലധികം വിമാനങ്ങൾ തകർത്തതായി യുക്രൈൻ; ഇസ്താംബൂളിൽ സമാധാന ചർച്ച നടക്കാനിരിക്കെയാണ് ആക്രമണം

Web Desk
|
2 Jun 2025 5:17 PM IST

എഫ്പിവി കാമറകൾ, ഡ്രോണുകൾ തുടങ്ങിയവ റഷ്യക്കകത്തേക്ക് കടത്തുകയെന്നതുൾപ്പടെ വളരെയധികം സങ്കീർണമായതായിരുന്നു ഓപറേഷനെന്ന്‌ സേന വ്യക്തമാക്കുന്നു

കീവ്: ഞായറാഴ്ച റഷ്യയിൽ നടത്തിയ ആക്രമണത്തിൽ റഷ്യയുടെ 40ലധികം വിമാനങ്ങൾ തകർത്തതായി യുക്രൈൻ സുരക്ഷാ സേന അറിയിച്ചു. ഇസ്താംബൂളിൽ വെച്ച് ഇരു രാജ്യങ്ങൾക്കുമിടയിലെ സമാധാന ചർച്ച നടക്കാനിരിക്കെയാണ് യുക്രൈന്റെ ആക്രമണം.

വോളോദിമിർ സെലൻസ്‌കിയുടെ നേതൃത്വത്തിൽ ഒരു വർഷത്തിലധികമെടുത്താണ് ഈ ദൂരവ്യാപക ആക്രമണം നടത്തിയതെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 117 ഡ്രോണുകൾ ഉപയോഗിച്ചാണ് ഓപറേഷൻ നടത്തിയതെന്ന് സെലൻസ്‌കി വിശദീകരിച്ചു. റഷ്യൻ ഇന്റലിജൻസ് സുരക്ഷാ സർവീസായ എഫ്എസ്ബി ആസ്ഥാനത്തിന് സമീപത്തായാണ് ഓപറേഷനായുള്ള ഓഫീസ് ഒരുക്കിയതെന്നും സെലൻസ്‌കി അവകാശപ്പെട്ടു.

എഫ്പിവി കാമറകൾ, ഡ്രോണുകൾ തുടങ്ങിയവ റഷ്യക്കകത്തേക്ക് കടത്തുകയെന്നതുൾപ്പടെ വളരെയധികം സങ്കീർണമായതായിരുന്നു ഓപറേഷനെന്നും സേന വ്യക്തമാക്കുന്നു. മാറ്റി സ്ഥാപിക്കാൻ കഴിയുന്ന മരവീടുകളിലാണ് ഇവ റഷ്യയിലേക്കെത്തിച്ചതെന്നും സേന വിശദീകരിക്കുന്നു. ഈ വീടുകളുടെ മേൽക്കൂരയിൽ ഒളിപ്പിച്ച ഡ്രോണുകൾ റിമോട്ട് കൺട്രോൾ വഴി നിയന്ത്രിച്ചാണ് ഓപറേഷൻ നടത്തിയത്.

കണ്ടെയ്നറുകളിൽ നിന്നും ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നതായി റഷ്യൻ മാധ്യമങ്ങൾ പങ്കുവെച്ച വീഡിയോയിൽ കാണാം. റഷ്യൻ വ്യോമതാവളങ്ങളിലുണ്ടായിരുന്ന വിമാനങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ ആക്രമണത്തിൽ എ-50, ടിയു-95,ടിയു-22എം ഉൾപ്പടെ 41 വിമാനങ്ങളാണ് തകർന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.അതേസമയം, സമാധാന ചർച്ചയുടെ മണിക്കൂറുകൾക്ക് മുമ്പ് മോസ്‌കോയും യുക്രൈനു മേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു.

Similar Posts