< Back
World
കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച് റഷ്യ; അപലപിച്ച് യു.എൻ സുരക്ഷാ കൗൺസിൽ
World

കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച് റഷ്യ; അപലപിച്ച് യു.എൻ സുരക്ഷാ കൗൺസിൽ

Web Desk
|
22 Feb 2022 5:22 PM IST

റഷ്യയുടെ നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളിൽ ഉപരോധം ഏർപ്പെടുത്തി

വിമത മേഖലകൾക്ക് സ്വയം ഭരണാധികാരം നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിഴക്കൻ യുക്രൈനിലേക്ക് സൈന്യത്തെ അയച്ച് റഷ്യ. റഷ്യയുടെ നടപടിയെ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിച്ചു. നീക്കം അധിനിവേശമാണെന്ന് പറഞ്ഞ അമേരിക്ക വിമതമേഖലകളില്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമാധാന നീക്കങ്ങള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചാണ് ഡൊണെസ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ചത്. എന്നാല്‍, ഇവിടങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് സൈന്യത്തെ അയക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. തങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും അതിന് ആരെയും അനുവദിക്കില്ലെന്നുമാണ് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം.

വിഷയം ചര്‍ച്ച ചെയ്യാനായി യു.എന്‍ രക്ഷാ സമിതി അടിയന്തിര യോഗം ചേര്‍ന്നു. റഷ്യന്‍ നീക്കത്തെ അപലപിച്ച സമിതി യുക്രൈന് പൂര്‍ണ പിന്തുണയും വാഗ്ദാനംചെയ്തിട്ടുണ്ട്. റഷ്യക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്നാണ് ഫ്രാന്‍സിന്‍റെ മുന്നറിയിപ്പ്. യുക്രൈന് ഐക്യദാർഢ്യവുമായി യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ഡൊണെസ്ക്, ലുഹാന്‍സ്ക് മേഖലകള്‍ വഴി യുക്രൈന്‍ കീഴടക്കുക തന്നെയാണ് റഷ്യയുടെ ലക്ഷ്യമെന്നും മേഖലയില്‍ യുദ്ധം ആസന്നമാണെന്നുമാണ് നാറ്റോ മുന്നറിയിപ്പ്.

അതേസമയം, ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ആദ്യ വിമാനം യുക്രൈനിലെത്തി. വിദ്യാർത്ഥികളടക്കമുള്ള 254 യാത്രക്കാരുമായി രാത്രി പത്ത് മണിയോടെ വിമാനം ഡൽഹിയിലെത്തും. ഇന്ന് രാവിലെയാണ് ഈ വിമാനം യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇതുകൂടാതെ ഫെബ്രുവരി 26,26 മാർച്ച് ആറ് തീയതികളിലും പ്രത്യേക വിമാനങ്ങൾ ഉക്രൈനിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

യുദ്ധഭീതി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികൾ ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി നിര്‍ദേശം നല്‍കിയിരുന്നു. ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉക്രൈനിലുണ്ടാകുമെന്നാണ് കണക്ക്. ഇതിൽ അധികവും വിദ്യാർഥികളാണ്. ഇവരെ ആദ്യ പരിഗണന നൽകി നാട്ടിലെത്തിക്കാനാണ് സർക്കാർ നീക്കം. ഇന്ത്യക്കും യുക്രൈനുമിടയിൽ വിമാനസർവീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.

Related Tags :
Similar Posts