< Back
World
ഗസ്സ ആശുപത്രി ആക്രമണം: ഭയാനകമെന്ന് യു.എൻ, അന്വേഷിക്കുമെന്ന് അമേരിക്ക
World

ഗസ്സ ആശുപത്രി ആക്രമണം: ഭയാനകമെന്ന് യു.എൻ, അന്വേഷിക്കുമെന്ന് അമേരിക്ക

Web Desk
|
18 Oct 2023 6:48 AM IST

കൈകഴുകാൻ ഇസ്രായേൽ ശ്രമം, ആശുപത്രിക്കു നേരെ ഉണ്ടായത് ഇസ്ലാമിക് ജിഹാദ് റോക്കറ്റ് ആക്രമണമെന്ന് നെതന്യാഹു

ഗസ്സ സിറ്റി: ബാപ്റ്റിസ്റ്റ് ചർച്ചിനു കീഴിലുള്ള ഗസ്സ സിറ്റിയിലെ അൽ അഹ്ലി അൽ അറബ് ആശുപത്രിയിൽ 500-ലേറെ പേർ കൊല്ലപ്പെടാനിടയാക്കിയ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസ്. ആക്രമണത്തിൽ ഇസ്രായേലിനെ കുറ്റപ്പെടുത്താതെ ട്വിറ്ററിൽ പ്രതികരിച്ച ഗുട്ടറസ് നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ട സംഭവത്തിൽ താൻ ഭയന്നുപോയി എന്ന് വ്യക്തമാക്കി. ഇസ്രായേൽ സന്ദർശിക്കാനിരിക്കുന്ന യു.എസ്. പ്രസിഡണ്ട് ജോ ബൈഡൻ, അൽ അഹ്ലി ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തിൽ സംഭവിച്ചതെന്താണെന്നു വ്യക്തമാക്കാൻ യു.എസ് ദേശീയ സുരക്ഷാ സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. കാനഡ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.

അതേസമയം, ആശുപത്രി ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് അവകാശപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇസ്ലാമിക് ജിഹാദിനെ കുറ്റപ്പെടുത്തി.

'ഗസ്സയിൽ ഇന്ന് ആശുപത്രിക്കു മേൽ നടന്ന ആക്രമണത്തിൽ നൂറുകണക്കിന് ഫലസ്തീനി സിവിലിയന്മാരെ കൊലപ്പെടുത്തിയത് എന്നെ ഭയപ്പെടുത്തുന്നു. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. എന്റെ ഹൃദയം ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണ്. ആശുപത്രികളും മെഡിക്കൽ പ്രവർത്തകരും അന്താരാഷ്ട്ര മനുഷ്യത്വ നിയമപ്രകാരം സംരക്ഷിതരാണ്.' - ഗുട്ടറസ് ട്വിറ്ററിൽ കുറിച്ചു.

സംഭവത്തിൽ യു.എസ് പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'ഗസ്സയിലെ അൽ അഹ്ലി അറബ് ആശുപത്രിയിൽ ഉണ്ടായ സ്‌ഫോടനവും തുടർന്നുണ്ടായ ദാരുണമായ ജീവനഷ്ടവും എന്നെ ആഴത്തിൽ ദുഃഖിപ്പിക്കുകയും അരിശപ്പെടുത്തുകയും ചെയ്യുന്നു. ഇതേപ്പറ്റി കേട്ടതിനു പിന്നാലെ ഞാൻ ജോർദാനിലെ അബ്ദുല്ല രണ്ടാമൻ രാജാവുമായും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും സംസാരിച്ചു. എന്താണ് ശരിക്കും സംഭവിച്ചത് എന്നറിയുന്നതിനുള്ള വിവരങ്ങൾ ശേഥരിക്കാൻ ഞാൻ എന്റെ ദേശീയ സുരക്ഷാ സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.'

'സംഘർഷത്തിനിടയിൽ സിവിലിയൻമാരുടെ സംരക്ഷണത്തിനായി യു.എസ് ഉപാധികളില്ലാതെ നിലകൊള്ളുന്നു. ഈ ദുരന്തത്തിൽ കൊല്ലപ്പെട്ട രോഗികൾക്കും മെഡിക്കൽ സ്റ്റാഫിനും മറ്റ് നിരപരാധികൾക്കും വേണ്ടി അനുശോചിക്കുന്നു.'

അതേസമയം, ആശുപത്രി ആക്രമണം അന്താരാഷ്ട്ര തലത്തിൽ തിരിച്ചടിയായതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം കൈയൊഴിയാനുള്ള തിരക്കിട്ട ശ്രമത്തിലാണ് ഇസ്രായേൽ. ഫലസ്തീനി ഇസ്ലാമിക് ജിഹാദ് ഇസ്രായേലിനു നേരെ തൊടുത്ത റോക്കറ്റ് വഴി തെറ്റി ആശുപത്രിക്കു മേൽ പതിക്കുകയായിരുന്നു എന്നാണ് ഇസ്രായേൽ പ്രചരിപ്പിക്കുന്നത്. ഗസ്സയിലെ 'കിരാതരായ ഭീകരർ' ആണ് ആക്രമണത്തിനു പിന്നിലെന്നും ഇതിൽ ഇസ്രായേൽ സൈന്യത്തിന് ഉത്തരവാദിത്തമില്ലെന്നും ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.

Similar Posts