< Back
World
UN chief calls for global action against rising Anti-Muslim bigotry
World

മുസ്‌ലിംവിരുദ്ധ വിദ്വേഷം‌ വർധിക്കുന്നതിനെതിരെ ആ​ഗോള നടപടിയാവശ്യപ്പെട്ട് യുഎൻ ജനറൽ സെക്രട്ടറി; 'മതസ്വാതന്ത്ര്യം സംരക്ഷിക്കണം'

Web Desk
|
15 March 2025 4:42 PM IST

'ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ പ്രസംഗങ്ങളും പീഡനങ്ങളും നിയന്ത്രിക്കണം. മതവിദ്വേഷം, വിദേശീയ വിദ്വേഷം, വിവേചനം എന്നിവയ്‌ക്കെതിരെ നാമെല്ലാവരും ശബ്ദമുയർത്തണം'- അദ്ദേഹം വ്യക്തമാക്കി.

ജനീവ: ലോകത്ത് മുസ്‌ലിംവിരുദ്ധ വിദ്വേഷം‌ വർധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ​ഗുട്ടെറസ്. മുസ്‌ലിംവിരുദ്ധ വിദ്വേഷം‌ പടരുന്നതിനെതിരെ ആ​ഗോള നടപടി വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യ ഭരണകൂടങ്ങൾ മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വിദ്വേഷ പ്രസം​ഗങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നും ​ഗുട്ടെറസ് ആവശ്യപ്പെട്ടു. എല്ലാ വർഷവും മാർച്ച് 15ന് ആചരിക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഗുട്ടെറസിന്റെ ആഹ്വാനം.

'മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിൽ അസ്വസ്ഥത ഉളവാക്കുന്ന വർധന‌‌ നാം കാണുന്നു. മനുഷ്യാവകാശങ്ങളും അന്തസും ലംഘിക്കുന്ന വിവേചനപരമായ നയങ്ങളും വംശീയ പ്രൊഫൈലിങ്ങും മുതൽ വ്യക്തികൾക്കും ആരാധനാലയങ്ങൾക്കുമെതിരായ പ്രത്യക്ഷമായ അക്രമം വരെ അതിലുൾപ്പെടുന്നു'- യുഎൻ മേധാവി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 'ഇത് അസഹിഷ്ണുത, തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ, മതവിഭാഗങ്ങൾക്കും ദുർബല ജനവിഭാഗങ്ങൾക്കും എതിരായ ആക്രമണങ്ങൾ എന്നിവയുടെ വിശാലമായ ഒരു വിപത്തിന്റെ ഭാഗമാണ്'- അദ്ദേഹം കുറിച്ചു.

സാമൂഹിക ഐക്യം വളർത്തിയെടുക്കാനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും അദ്ദേഹം സർക്കാരുകളോട് ആഹ്വാനം ചെയ്തു. 'ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ പ്രസംഗങ്ങളും പീഡനങ്ങളും നിയന്ത്രിക്കണം. മതവിദ്വേഷം, വിദേശീയ വിദ്വേഷം, വിവേചനം എന്നിവയ്‌ക്കെതിരെ നാമെല്ലാവരും ശബ്ദമുയർത്തണം'- അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാപനാത്മക വിവേചനവും സാമൂഹിക- സാമ്പത്തിക നിയന്ത്രണങ്ങളും മുസ്‌ലിംകൾ നേരിടുന്നതായി യുഎൻ അണ്ടർ സെക്രട്ടറി മി​ഗുവൽ ഏ‍ഞ്ചൽ ഏഞ്ചൽ മൊറാറ്റിനോസ് പറഞ്ഞു. 'മുസ്‌ലിംകളെ കളങ്കപ്പെടുത്തുന്നതിലും അനാവശ്യമായ വംശീയ പ്രൊഫൈലിങ്ങിലും ഇത്തരം പക്ഷപാതങ്ങൾ പ്രകടമാണ്. കൂടാതെ പക്ഷപാതപരമായ മാധ്യമ പ്രാതിനിധ്യങ്ങളും ചില രാഷ്ട്രീയ നേതാക്കളുടെ മുസ്‌ലിം വിരുദ്ധ വാചാടോപങ്ങളും നയങ്ങളും ഇതിനെ ശക്തിപ്പെടുത്തുന്നു'- അദ്ദേഹം യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

സായുധ ഗ്രൂപ്പുകളുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നതിലൂടെ മുസ്‌ലിംകളും അറബികളും തങ്ങൾ നേരിടുന്ന അപമാനത്തെക്കുറിച്ച് വർഷങ്ങളായി അവകാശപ്രവർത്തകർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് പിന്നാലെ ​ഇസ്രായേൽ ഗസ്സയിൽ വംശഹത്യ ആരംഭിച്ചതിനുശേഷം ഇസ്‌ലാമോഫോബിയ, അറബ് വിരുദ്ധ പക്ഷപാതം, ജൂതവിരുദ്ധത എന്നിവയിൽ വർധന ഉണ്ടായതായാണ് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളുടെയും യുഎന്നിന്റേയും നിരീക്ഷണം.

ഫലസ്തീന്റെ അവകാശങ്ങൾക്കായുള്ള തങ്ങളുടെ വാദത്തെ ഹമാസിനുള്ള പിന്തുണയായി തെറ്റായി മുദ്രകുത്തുന്നുവെന്ന് അമേരിക്ക പോലുള്ള രാജ്യങ്ങളിലെ നിരവധി ഫലസ്തീൻ അനുകൂല പ്രവർത്തകർ പരാതിപ്പെടുന്നു. കഴിഞ്ഞ ആഴ്ചകളിൽ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടേയും റെക്കോഡ് നിലവാരം രേഖപ്പെടുത്തുന്ന ഡാറ്റ മനുഷ്യാവകാശ നിരീക്ഷകർ പ്രസിദ്ധീകരിച്ചിരുന്നു.

Similar Posts