
ഗസ്സയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ കൊടും പട്ടിണിയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്
|ഇസ്രായേല്‍ ആക്രമണത്തില്‍ ഇന്നലെ 60 പേര്‍ കൂടി കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഗസ്സയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ കൊടും പട്ടിണിയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. സഹായം വൈകിയാല്‍ ആയിരങ്ങള്‍ മരിക്കുമെന്നും മുന്നറിയിപ്പ്. ഹമാസ് ആയുധം വെച്ച് കീഴടങ്ങിയില്ലെങ്കില്‍ ഗസ്സ സിറ്റിയെ നരകമാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അറിയിച്ചു. 60 പേര്‍ കൂടി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. യെമനിലെ ഹൂതികള്‍ അയച്ച മിസൈല്‍ പതിച്ച് ഇസ്രായേലിലെ ഒരു കെട്ടിടത്തില്‍ നാശനഷ്ടമുണ്ടായി.
ഗസ്സ കൊടും പട്ടിണിയുടെ പിടിയിലാണെന്നാണ് യുഎന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷനാണ് വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. പട്ടിണി മരണത്തിന്റെ വക്കിലാണ് പതിനായിരങ്ങളെന്നും ഗസ്സയിലെ പട്ടിണി പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പട്ടിണി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഉടന്‍ വെടിനിര്‍ത്തി സഹായവസ്തുക്കള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.
എന്നാല്‍ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും ഹമാസിന്റെ കള്ളം അനുസരിച്ച് തയാറാക്കിയ റിപ്പോര്‍ട്ടാണിതെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഗസ്സയുടെ യാഥാര്‍ഥ്യം അടിവരയിടുന്നതാണ് യുഎന്‍ റിപ്പോര്‍ട്ടെന്നും അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഹമാസ് പ്രതികരിച്ചു. യുഎന്‍ റിപ്പോര്‍ട്ട് നടുക്കം സൃഷ്ടിക്കുന്ന ഒന്നാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.
അതേ സമയം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം കൂടുതല്‍ രൂക്ഷമായി. 60 പോരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. ഖാന്‍ യൂനുസില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30 പേരെ ഇസ്രായേല്‍ കൊലപ്പെടുത്തി. ഹമാസ് ആയുധംവെച്ച് കീഴടങ്ങിയില്ലെങ്കില്‍ ഗസ്സ സിറ്റിയെ നരകമാക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേലിന്റെ നിബന്ധനകള്‍ ഹമാസ് അംഗീകരിക്കണമെന്നും കാറ്റ്‌സ് ചൂണ്ടിക്കാട്ടി. യെമനിലെ ഹൂതികള്‍ മിസൈല്‍ അയച്ചതിനെ തുടര്‍ന്ന് ഇസ്രായേലില്‍ ഉടനീളം അപായ സൈറണ്‍ മുഴങ്ങി. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ നിര്‍ത്തി വെച്ചച്ചു. ഒരു കെട്ടിടത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.