< Back
World
അതിർത്തികൾ തുറക്കണം; അഫ്ഗാന്റെ അയൽരാഷ്ട്രങ്ങളോട് യുഎൻ
World

അതിർത്തികൾ തുറക്കണം; അഫ്ഗാന്റെ അയൽരാഷ്ട്രങ്ങളോട് യുഎൻ

Web Desk
|
20 Aug 2021 5:09 PM IST

രാജ്യം താലിബാന്റെ നിയന്ത്രണത്തിലായ ശേഷം പതിനെട്ടായിരം പേരെ കാബൂൾ വിമാനത്താവളം വഴി ഒഴിപ്പിച്ചതായി നാറ്റോ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികളെ സ്വീകരിക്കാൻ അയൽ രാഷ്ട്രങ്ങൾ അതിർത്തികള്‍ തുറക്കണമെന്ന് ഐക്യരാഷ്ട്ര സഭ. യുഎൻഎച്ച്‌സിആർ വക്താവ് ഷാബിയ മാൻതുവാണ് ഇക്കാര്യമഭ്യർത്ഥിച്ചത്. അടിയന്തരവും വിശാലവുമായ അന്താരാഷ്ട്ര പ്രതികരണം യുഎൻ വിഷയത്തിൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.

'ഭൂരിപക്ഷം അഫ്ഗാനികൾക്കും ശരിയായ മാർഗത്തിലൂടെ രാജ്യം വിടാനാകുന്നില്ല. അപകടത്തിൽപ്പെട്ടവർക്ക് പുറത്തേക്ക് പോകാൻ കൃത്യമായ വഴികളില്ല. അയൽ രാഷ്ട്രങ്ങൾ അവരുടെ അതിർത്തികൾ തുറന്ന് അഫ്ഗാനികൾക്ക് അഭയം നൽകണം. രാജ്യത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സിവിലിയന്മാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ യുഎന്നിൽ ഉത്കണ്ഠയുണ്ട്'- ജനീവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു.

അതിനിടെ, അഫ്ഗാനിൽ നിന്ന് മുവ്വായിരം സേനയെ ഒഴിപ്പിച്ചതായി യുഎസ് വ്യക്തമാക്കി. ഓഗസ്റ്റ് 14 മുതൽ ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. രാജ്യം താലിബാന്റെ നിയന്ത്രണത്തിലായ ശേഷം പതിനെട്ടായിരം പേരെ കാബൂൾ വിമാനത്താവളം വഴി ഒഴിപ്പിച്ചതായി നാറ്റോ വ്യക്തമാക്കി. ഇപ്പോഴും വിമാനത്താവളത്തിൽ ആളുകളുടെ നീണ്ട നിരയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട താലിബാന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ധൃതി വേണ്ടെന്നും ആഗസ്ത് 31നകം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുമെന്നുമാണ് താലിബാന്റെ നിലപാട്. യുഎസ് സേന രാജ്യത്തു നിന്ന് പോയ ശേഷമാകും പുതിയ സർക്കാർ എന്നാണ് സൂചന.


Related Tags :
Similar Posts