< Back
World
university boy wears burqa, beats top players in chess Championship
World

ബുർഖയിട്ടെത്തി വനിതാ താരം ചമഞ്ഞ് ചെസ് ടൂർണമെന്റിൽ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ചു; വിദ്യാർഥി പിടിയിൽ

Web Desk
|
16 April 2023 5:07 PM IST

ഏകദേശം 34 ലക്ഷം രൂപയാണ് 25കാരനായ ഇയാൾ തട്ടിപ്പ് നടത്തി ടൂർണമെന്റിൽ നേടിയത്.

നെയ്റോബി: ബുർഖ ധരിച്ച് വനിതാ താരം ചമഞ്ഞ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് വിജയിച്ച് ലക്ഷങ്ങൾ സമ്മാനമായി നേടിയ യൂണിവേഴ്സിറ്റി വിദ്യാർഥി പിടിയിൽ. കെനിയയിലെ നെയ്‌റോബിയിൽ നടന്ന മത്സരത്തിൽ പങ്കെടുത്ത 25കാരനായ സ്റ്റാൻലി ഒമോണ്ടിയാണ് പിടിയിലായത്. മുൻ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ച സ്റ്റാൻലി 42,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) സമ്മാനമായി നേടുകയും ചെയ്തു.

ബുർഖയും കണ്ണടയും ധരിച്ചെത്തിയ 25കാരൻ ഒരു വാക്കുപോലും സംസാരിക്കാതെയാണ് മത്സരത്തിന്റെ നാലാം റൗണ്ടിൽ കടന്നത്. ചെസ് ടൂർണമെന്റിൽ മിലിസെന്റ് അവോർ എന്ന പേരിലാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് സാധാരണമാണ് എന്നതിനാൽ ആദ്യം സംശയം തോന്നിയില്ലെന്ന് ചെസ് കെനിയ പ്രസിഡന്റ് ബെർണാഡ് വഞ്ജാല പറഞ്ഞു.

'എന്നാൽ അവന്റെ ഷൂസ് ആണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീകൾ ധരിക്കുന്നതിന് വ്യത്യസ്തമായ ഷൂ ആയിരുന്നു അത്. അയാൾ തീരെ സംസാരിക്കാതിരിക്കുന്നതും ഞങ്ങൾ ശ്രദ്ധിച്ചു. തന്റെ ടാഗ് എടുക്കാൻ വന്നപ്പോഴും അവൻ മിണ്ടിയിരുന്നില്ല. സാധാരണ കളിക്കുമ്പോൾ എതിരാളികൾ ഇടയ്ക്കെങ്കിലും പരസ്പരം സംസാരിക്കാറുണ്ട്. കാരണം ചെസ് കളി ഒരു യുദ്ധമല്ല, മറിച്ച് സൗഹൃദമാണ്'- അദ്ദേഹം പറഞ്ഞു.

തുടർന്ന്, മുൻ ദേശീയ ചാമ്പ്യൻ ഗ്ലോറിയ ജംബയെയും ഉഗാണ്ടൻ മുൻനിര താരം അമ്പൈറ ഷക്കീറയെയും തോൽപ്പിക്കുകയും ചെയ്തു. എന്നാൽ ഒടുവിൽ ഒരു മുറിയിൽ വച്ച് അയാളോട് അധികൃതർ തിരിച്ചറിയൽ രേഖ ചോദിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. താനൊരു യൂണിവേഴ്സിറ്റി വിദ്യാർഥിയാണെന്നും തനിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും അതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ഇയാൾ സമ്മതിച്ചു.

ഇതോടെ, തട്ടിപ്പുകാരനായ മത്സരാർഥിയെ ടൂർണമെന്റിൽ നിന്ന് പുറത്താക്കി. ഇയാളുടെ എല്ലാ പോയിന്റുകളും എതിരാളികൾക്ക് നൽകുകയും ചെയ്തു. തുടർന്ന്, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് വിദ്യാർഥി രം​ഗത്തെത്തി.

'ഒരു പുരുഷനായ ഞാൻ കെനിയ ചെസ് ഓപ്പൺ വിഭാഗത്തിലെ ലേഡീസ് വിഭാഗത്തിൽ കളിക്കുന്നതിനിടെയാണ് പിടിയിലായത്. സാമ്പത്തിക ആവശ്യങ്ങളാണ് അങ്ങനെ ചെയ്യാൻ കാരണം. എന്റെ പ്രവർത്തിയിൽ ഞാൻ ഖേദിക്കുന്നു. ഇതിന്റെ എല്ലാ അനന്തര ഫലങ്ങളും അംഗീകരിക്കുന്നു'- ഒമോണ്ടി പറഞ്ഞു.

ഒമോണ്ടിക്ക് നിരവധി വർഷത്തെ വിലക്ക് നേരിടേണ്ടിവരുമെന്ന് ചെസ് കെനിയ പ്രസിഡന്റ് പറഞ്ഞു. നെയ്‌റോബിയിലെ സരിത് എക്‌സ്‌പോ സെന്ററിൽ ഏപ്രിൽ ആറ് മുതൽ 10 വരെ നടന്ന ടൂർണമെന്റിൽ 22 ഫെഡറേഷനുകളിൽ നിന്നുള്ള 450ഓളം താരങ്ങളാണ് പങ്കെടുത്തത്.

Similar Posts