< Back
World
പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവ അലട്ടുന്നവർക്ക് വിസ നിഷേധിക്കാം: പുതിയ നിയന്ത്രണങ്ങളുമായി യുഎസ്‌
World

'പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം' എന്നിവ അലട്ടുന്നവർക്ക് വിസ നിഷേധിക്കാം: പുതിയ നിയന്ത്രണങ്ങളുമായി യുഎസ്‌

Web Desk
|
8 Nov 2025 12:46 PM IST

വാക്‌സിനേഷൻ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവയൊക്കെ വിസയുടെ ഭാഗമായി നിലവിൽ പരിശോധക്കുന്നുണ്ട്

വാഷിങ്ടണ്‍: ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് അമേരിക്കയിൽ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയവ ഉള്ളവർക്ക് വിസ നിഷേധിക്കാമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട മാർഗനിർദേശങ്ങളിലുള്ളത്.

ഹൃദയ, ശ്വസന, നാഡീ, മാനസികാരോഗ്യ വൈകല്യങ്ങൾ ഉൾപ്പെടെയുള്ള വിട്ടുമാറാത്തതോ ചെലവേറിയതോ ആയ രോഗാവസ്ഥകളെ യോഗ്യതയില്ലായ്മയ്ക്ക് കാരണമായി പരിഗണിക്കാമെന്നാണ് അമേരിക്കൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് അയച്ച മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള കെഎഫ്എഫ് ഹെൽത്ത് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വാക്സിനേഷൻ, പകർച്ചവ്യാധികൾ, മാനസികാരോഗ്യ അവസ്ഥകൾ എന്നിവയൊക്കെ വിസയുടെ ഭാഗമായി നിലവില്‍ പരിശോധക്കുന്നുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പരിഗണിക്കേണ്ട ലിസ്റ്റലാണ് ജീവിതശൈലീരോഗങ്ങളും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്.

ആരാണോ വിസക്ക് അപേക്ഷിക്കുന്നത് അയാള്‍ക്ക് വൈദ്യചികിത്സയ്ക്കുള്ള പണം നൽകാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. ഇതുകൂടാതെ മക്കൾ, മാതാപിതാക്കൾ തുടങ്ങി അപേക്ഷകനെ ആശ്രയിച്ച് കഴിയുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടോയെന്നതും പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം എല്ലാ വിസകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണെങ്കിലും, സ്ഥിര താമസ വിസകള്‍ക്ക്(permanent residency cases) മാത്രമേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോഗിക്കൂ എന്നാണ് കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്‌വർക്കിന്റെ മുതിർന്ന അഭിഭാഷകനായ ചാൾസ് വീലർ പറയുന്നത്.

Related Tags :
Similar Posts